Saturday, November 23, 2024
Saudi ArabiaTop Stories

മക്കയിലുള്ള വിസിറ്റ് വിസക്കാർക്കെതിരെ നടപടി ശക്തമാക്കി പൊതുസുരക്ഷാ വിഭാഗം; വിസിറ്റ് വിസക്കാർ ശ്രദ്ധിക്കേണ്ടത്

മക്ക: ഹജ്ജ് നിയന്ത്രണങ്ങളുടെ ഭാഗമായി സൌദി പൊതു സുരക്ഷാ വിഭാഗം ശക്തമായ പരിശോധനകൾ തുടരുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

മക്കയിലുള്ള 20,000 വിസിറ്റ് വിസക്കാർക്കെതിരെ ഇത് വരെ നടപടി സ്വീകരിച്ചതായി അധികൃതർ പ്രസ്താവിച്ചു.

വിസിറ്റ് വിസക്കാർ മക്ക വിടണമെന്നും മക്കയിലേക്ക് കടക്കരുതെന്നുമുള്ള കർശന നിർദ്ദേശം മെയ് 23 മുതൽ പ്രാബല്യത്തിൽ വന്നതിനെത്തുടർന്നാണ് മക്കയിൽ ചെക്കിംഗ് ശക്തമാക്കിയത്.

അതേ സമയം മക്കയിൽ ജോലി ചെയ്യുന്ന പ്രവാസികളുടെ വിസിറ്റ് വിസയിലുള്ള കുടുംബങ്ങൾ പലരും മക്ക വിടണമെന്ന  കർശന നിർദ്ദേശത്തെത്തുടർന്ന് വലിയ ആശങ്കയിലാണുള്ളത്.

ഈ സാഹചര്യത്തിൽ, വിസിറ്റ് വിസയിലുള്ള മക്ക പ്രവാസികളുടെ കുടുംബങ്ങൾ ജാഗ്രത പുലർത്തണമെന്നും ഹജ്ജ് കഴിയും വരെ താമസ സ്ഥലത്ത് നിന്ന് പുറത്തിറങ്ങാതിരിക്കലാകും ബുദ്ധി എന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ഓർമ്മിപ്പിക്കുന്നു.

ഏതെങ്കിലും സാഹചര്യത്തിൽ ചെക്കിംഗിൽ പെട്ടാൽ കുടുംബ നാഥൻ മക്കയിൽ ജോലി ചെയ്യുന്നയാളാണെന്ന് ചെക്കിംഗ് ഉദ്യോഗസ്ഥരെ ബോധ്യപ്പെടുത്താൻ ആവശ്യമായ തെളിവുകളും എപ്പോഴും കയ്യിൽ കരുതുന്നത് നന്നാകുമെന്നും അബ്ദുൽ റസാഖ് കൂട്ടിച്ചേർത്തു.

ഒരു തരത്തിലുമുള്ള വിസിറ്റ് വിസക്കാരെയും ഹജ്ജ് ചെയ്യാൻ അനുവദിക്കില്ല എന്ന് പൊതു സുരക്ഷാ വിഭാഗം ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്