നിരവധി ആഭ്യന്തര ഹജ്ജ് തീർത്ഥാടകരുടെ പെർമിറ്റ് റദ്ധാക്കി
നെയ്‌സേറിയ മെനിഞ്ചൈറ്റിസ് വാക്‌സിൻ എടുക്കുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് നിരവധി ആഭ്യന്തര തീർഥാടകരുടെ ഹജ്ജ് പെർമിറ്റ് റദ്ദാക്കിയതായി ഹജ്, ഉംറ മന്ത്രാലയം അറിയിച്ചു.
90 ശതമാനം ആഭ്യന്തര തീർഥാടകരും വാക്‌സിനേഷൻ എടുക്കുന്നതുമായി ബന്ധപ്പെട്ട പ്രത്യേക പ്രതിരോധ നടപടിക്രമങ്ങൾ പൂർത്തീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അതിന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലെ പ്രസ്താവനയിൽ വെളിപ്പെടുത്തി.
ഹജ്ജ് പെർമിറ്റ് റദ്ദാക്കുന്നത് ഒഴിവാക്കാൻ, ബാക്കിയുള്ള ആഭ്യന്തര തീർഥാടകരോട് നീസെറിയ മെനിഞ്ചൈറ്റിസ് വാക്സിൻ എത്രയും വേഗം എടുക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
അതിനിടെ, ഹജ്ജ് പെർമിറ്റില്ലാതെ തീർഥാടകരെ മക്കയിലേക്ക് കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടെ 21 പേരെ ഹജ്ജ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ജൂൺ 7 ന് മക്കയിലെ പ്രവേശന കവാടത്തിൽ വെച്ചാണ് 13 സൗദി പൗരന്മാരും എട്ട് വിദേശികളും അറസ്റ്റിലായത്. ഇവരെ കടത്താനുപയോഗിച്ച വാഹനവും പിടിച്ചെടുത്തു.
അറസ്റ്റിലായവരിൽ ഓരോരുത്തർക്കും 15 ദിവസത്തെ ജയിൽ ശിക്ഷയും 10,000 റിയാൽ പിഴയും ചുമത്തിയതായി ബന്ധപ്പെട്ട അധികാരികൾ അറിയിച്ചു.
നിയമലംഘകരുടെ പേരുകൾ അവരുടെ സ്വന്തം ചെലവിൽ പ്രാദേശിക മാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കും, കൂടാതെ ജയിൽ ശിക്ഷ അനുഭവിച്ച ശേഷം, നിയമം അനുശാസിക്കുന്ന ഒരു കാലയളവിലേക്ക് രാജ്യത്തേക്ക് വീണ്ടും പ്രവേശിക്കുന്നത് നിരോധിച്ചുകൊണ്ട് വിദേശികളെ നാടുകടത്തുകയും ചെയ്യും.
ഈ വർഷത്തെ ഹജ്ജ് സീസണിൽ 140-ലധികം വ്യാജ ഹജ്ജ് സ്ഥാപനങ്ങളെ പിടികൂടാൻ പബ്ലിക് സെക്യൂരിറ്റി ഉദ്യോഗസ്ഥർക്ക് കഴിഞ്ഞതായി ഡയറക്ടർ ഓഫ് പബ്ലിക് സെക്യൂരിറ്റി ലഫ്റ്റനന്റ് ജനറൽ മുഹമ്മദ് അൽ ബസ്സാമി പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa