Thursday, November 21, 2024
KeralaKuwaitTop Stories

ഇനിയെന്ന് മടങ്ങുമെന്ന ചോദ്യം വരില്ല; സ്വപ്നങ്ങൾ പേറി പറന്നവർ ചേതനയറ്റ് തിരിച്ചെത്തിയപ്പോൾ ഉള്ളുലഞ്ഞ് കേരളം

കൊച്ചി: ലീവ് എന്ന് തീരും എന്ന ചോദ്യമില്ല, എന്നാണ് മടങ്ങുക എന്ന അന്വേഷണമില്ല, വർണ്ണക്കടലാസിൽ പൊതിഞ്ഞ മധുര മിഠായികളില്ല, അത്തറിന്റെ മണമുള്ള പെട്ടിയുമായി വരേണ്ടവർ ചേതനയറ്റ് തിരികെയെത്തിയപ്പോൾ വിതുമ്പിയത് ബന്ധുക്കളോ നാട്ടുകാരോ മാത്രമായിരുന്നില്ല; മലയാളി സമൂഹം മൊത്തത്തിലായിരുന്നു.

കുവൈത്ത് ലേബർ ക്യാമ്പിലെ തീപിടിത്തത്തിൽ മരിച്ച പ്രവാസി സഹോദരങ്ങളുടെ മൃതദേഹങ്ങൾ  നെടുമ്പാശേരി വിമാനത്താവളത്തിലെ പൊതുദർശനത്തിന് ശേഷം പൊലീസ് അകമ്പടിയിൽ വീടുകളിലേക്ക് എത്തിച്ച് തുടങ്ങി.

23 മലയാളികളുടെ ഉൾപ്പെടെ 31 പേരുടെ മൃതദേഹമാണ് കൊച്ചിയിലെത്തിയത്. 23 മലയാളികൾ, 7 തമിഴ്നാട് സ്വദേശികൾ, ഒരു കർണാടക സ്വദേശി എന്നിവരുടെ മൃതദേഹങ്ങളാണു കൊച്ചിയിൽ കൈമാറിയത്. 14 മൃതദേഹങ്ങളുമായി വ്യോമസേന വിമാനം ഡൽഹിയിലേക്ക് തിരക്കും.

അരുൺ ബാബു (തിരുവനന്തപുരം), നിതിൻ കൂത്തൂർ (കണ്ണൂർ), തോമസ് ഉമ്മൻ (പത്തനംതിട്ട), മാത്യു തോമസ് (ആലപ്പുഴ), ആകാശ് എസ്. നായർ (പത്തനംതിട്ട), രഞ്ജിത് (കാസർകോട്), സജു വർഗീസ് (പത്തനംതിട്ട), കേളു പൊന്മലേരി (കാസർകോട്), സ്റ്റെഫിൻ ഏബ്രഹാം സാബു (കോട്ടയം), എം.പി. ബാഹുലേയൻ (മലപ്പുറം), കുപ്പന്റെ പുരയ്ക്കൽ നൂഹ് (മലപ്പുറം), ലൂക്കോസ്/സാബു (കൊല്ലം), സാജൻ ജോർജ് (കൊല്ലം), പി.വി. മുരളീധരൻ (പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ഷമീർ ഉമറുദ്ദീൻ (കൊല്ലം), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ്, ശ്രീജേഷ് തങ്കപ്പൻ നായർ, സുമേഷ് പിള്ള സുന്ദരൻ, അനീഷ് കുമാർ ഉണ്ണൻകണ്ടി, സിബിൻ തേവരോത്ത് ഏബ്രഹാം, ഷിബു വർഗീസ് എന്നിവരാണ് മരിച്ച മലയാളികൾ.

കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ കേരള സർക്കാർ അന്തിമോപചാരം അർപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശനും മന്ത്രിമാരും ഒപ്പമുണ്ടായിരുന്നു. സംസ്ഥാന സർക്കാർ ​ഗാർഡ് ഓഫ് ഓണർ നൽകി ആദരിച്ചു. കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും കീർത്തി വർധൻ സിങ്ങും അന്തിമോപചാരം അർപ്പിക്കാൻ വിമാനത്തവളത്തിലെത്തിയിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്