Saturday, November 23, 2024
Saudi ArabiaTop Stories

പൗരന്മാർക്ക് ഭരണകൂടത്തോടുള്ള വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമത്

ആഗോള കൺസൾട്ടിംഗ് ആൻഡ് പബ്ലിക് റിലേഷൻസ് കമ്പനിയായ എഡൽമാന്റെ വാർഷിക ട്രസ്റ്റ് ഇൻഡക്‌സ് 2024 റിപ്പോർട്ട് പ്രകാരം, ഭരണകൂടത്തിലുള്ള ജനങ്ങളുടെ വിശ്വാസത്തിൽ സൗദി അറേബ്യ ലോകത്ത് ഒന്നാമതെത്തി.

ദേശീയ അഭിലാഷങ്ങളും ലക്ഷ്യങ്ങളും കൈവരിക്കുന്നതിന് ആവശ്യമായ തീരുമാനങ്ങൾ എടുക്കാനുള്ള തങ്ങളുടെ രാജ്യത്തെ ഗവൺമെന്റിന്റെ കഴിവിൽ 86% പൗരന്മാരും വിശ്വാസം രേഖപ്പെടുത്തി. കഴിഞ്ഞ വർഷത്തേക്കാൾ 3% കൂടുതലാണിത്.

28 രാജ്യങ്ങളിലായി 32,000-ലധികം പേരുടെ അഭിപ്രായം ശേഖരിച്ചാണ് എഡെൽമാൻ ആഗോള ട്രസ്റ്റ് ഇൻഡക്‌സ് റിപ്പോർട്ട് 2024 തയ്യാറാക്കിയത്.

ബിസിനസ്സ് മേഖലയിലെ വിശ്വാസത്തിൽ രാജ്യം നാലാം സ്ഥാനം നേടി, 78% പേരും രാജ്യത്തെ ബിസിനസ് മേഖലയിൽ ആത്മവിശ്വാസമുള്ളവരാണെന്ന് അഭിപ്രായപ്പെട്ടു.

80% പേർക്ക് സൗദി നേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും നവീകരണങ്ങൾ കൈകാര്യം ചെയ്യാനും സംഘടിപ്പിക്കാനുമുള്ള കഴിവിൽ വലിയ വിശ്വാസമുണ്ട്.

സർവേയിൽ ഉൾപ്പെടുത്തിയിട്ടുള്ള 28 രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾക്കായുള്ള ആധുനിക നിയമനിർമ്മാണങ്ങളെയും സർക്കാർ നിയന്ത്രണങ്ങളെയും സംബന്ധിച്ച് രാജ്യം 56% ഉയർന്ന ആത്മവിശ്വാസം രേഖപ്പെടുത്തി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസുമായി ബന്ധപ്പെട്ട നിയമനിർമ്മാണത്തിൽ ആഗോളതലത്തിൽ ഫ്രാൻസ്, ജപ്പാൻ, യുണൈറ്റഡ് കിംഗ്ഡം, ജർമ്മനി, കൊറിയ എന്നിവയെ മറികടന്നു മുൻനിര സ്ഥാനങ്ങളിൽ സൗദി അറേബ്യ ഇടംനേടി.

സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ജപ്പാൻ, അയർലൻഡ്, കാനഡ, യുണൈറ്റഡ് കിംഗ്ഡം, നെതർലാൻഡ്‌സ്, ഇന്തോനേഷ്യ, റിപ്പബ്ലിക് ഓഫ് കൊറിയ, റഷ്യ, ജർമ്മനി, ഓസ്‌ട്രേലിയ, യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, സിംഗപ്പൂർ, ചൈന, അർജന്റീന, മലേഷ്യ, കെനിയ, ഫ്രാൻസ്, ബ്രസീൽ, സൗത്ത് ആഫ്രിക്ക, തായ്‌ലൻഡ്, സ്പെയിൻ, കൊളംബിയ, ഹോങ്കോംഗ്, ഇറ്റലി, മെക്സിക്കോ, ഇന്ത്യ. എന്നീ രാജ്യങ്ങളിലാണ് സർവേ നടത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa