ഇസ്രായേലിന് നേരെ ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സ്ഫോടനം നടന്നത് യു എസ് എംബസി കെട്ടിടത്തിന് അടുത്ത്
ഇന്ന് പുലർച്ചെ ഇസ്രായേൽ തലസ്ഥാനമായ ടെൽ അവീവിന് നേരെ നടന്ന ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും, 7 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
തെക്കൻ ലെബനനിൽ ഇറാൻ പിന്തുണയുള്ള ഹിസ്ബുള്ള മിലീഷ്യയുടെ മുതിർന്ന കമാൻഡറെ വധിച്ചതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ച് മണിക്കൂറുകൾക്ക് ശേഷമാണ് സ്ഫോടനം നടന്നത്.
ഒക്‌ടോബർ 7 ആക്രമണത്തിന് ശേഷം ടെൽ അവീവിൽ നടക്കുന്ന ഏറ്റവും ഗുരുതരമായ ആക്രമണങ്ങളിൽ ഒന്നാണിത്. യെമനിലെ ഹൂതി സായുധ വിഭാഗത്തിന്റെ വക്താവ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
നൂറുകണക്കിന് ജീവനക്കാർ താമസിക്കുന്ന വലിയ കെട്ടിടമായ, ടെൽ അവീവിലെ യുഎസ് എംബസി ബ്രാഞ്ച് ഓഫീസിന്റെ ഒരു ബ്ലോക്കിൽ പ്രാദേശിക സമയം പുലർച്ചെ 3 മണിയോടെയാണ് സ്ഫോടനം നടന്നത്.
അമേരിക്കൻ എംബസി ബ്രാഞ്ച് ഓഫീസിന് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും യുഎസ് പൗരന്മാർക്ക് പരിക്കേറ്റിട്ടില്ലെന്നും ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഡ്രോൺ ആക്രമണമാകാം സ്‌ഫോടനത്തിന് കാരണമെന്ന് ടെൽ അവീവ് അഗ്നിശമന വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. ഇതിന്റെ സാധ്യത പരിശോധിച്ചുവരികയാണെന്ന് ഐ.ഡി.എഫ്. പറഞ്ഞു.
ഒരാൾ കൊല്ലപ്പെടാനും, നിരവധി പേർക്ക് പരിക്കേൽക്കാനും കാരണമായ ഡ്രോൺ ആക്രമണത്തെ തുടർന്ന് നഗരം അതീവ ജാഗ്രതയിലാണെന്ന് ടെൽ അവീവ് മേയർ റോൺ ഹുൽദായി സോഷ്യൽ മീഡിയയിൽ പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa