Friday, November 22, 2024
Saudi ArabiaTop Stories

സൗദി എയർലൈൻസിനെ പ്രതിസന്ധി ബാധിച്ചില്ല; യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശവുമായി ജിദ്ദ, ദമാം എയർപോർട്ടുകൾ

ജിദ്ദ: മൈക്രോസോഫ്റ്റിന് സൈബര്‍ സുരക്ഷ ഒരുക്കുന്ന ക്രൗഡ് സ്‌ട്രൈക്കിലെ തകരാറ് ലോകത്തെ ഐടി സംവിധാനങ്ങളെ നിശ്ചലമാക്കിയതിനെത്തുടർന്ന് ഉടലെടുത്ത പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ  യാത്രക്കാർക്ക് പ്രത്യേക നിർദ്ദേശം നൽകി ജിദ്ദ കിംഗ് അബ്ദുൽ അസീസ് എയർപോർട്ട്.

ചില വിമാന സർവീസുകളെ പ്രതിസന്ധി ബാധിച്ച പശ്ചാത്തലത്തിൽ യാത്രക്കാർ തങ്ങളുടെ യാത്രാ ഷെഡ്യൂളുകൾ സംബന്ധിച്ച അപ്ഡേഷനുകൾക്ക് വിമാനക്കമ്പനികളുമായി ബന്ധപ്പെടണം എന്നാണ് ജിദ്ദ എയർപോർട്ട് അറിയിച്ചിട്ടുള്ളത്.

ദമാം കിംഗ് ഫഹദ് എയർപോർട്ടും, ഫ്ലൈറ്റിൻ്റെ സ്റ്റാറ്റസ് സ്ഥിരീകരിക്കുന്നതിന് വിമാനത്താവളത്തിലേക്ക് പോകുന്നതിന് മുമ്പ് എയർ കാരിയറുകളുമായി ആശയവിനിമയം നടത്തേണ്ടതിൻ്റെ ആവശ്യകത ഓർമ്മിപ്പിച്ചു.

അതേ  സമയം പ്രതിസന്ധി തരണം ചെയ്യാൻ വിമാനക്കമ്പനികളുമായി സഹകരിച്ച് താത്ക്കാലിക ബദൽ സംവിധാനങ്ങൾ ഒരുക്കുന്നുണ്ടെന്നും ദമാം എയർപോർട്ട് വ്യക്തമാക്കി.

അതേ സമയം സൗദിയ വിമാനങ്ങളുടെ സർവീസിനെ പ്രതിസന്ധി ബാധിച്ചിട്ടില്ലെന്ന് സൗദി എയർലൈൻസ് അറിയിച്ചു. കൂടാതെ ഫ്ലൈറ്റ് അപ്‌ഡേറ്റുകൾ ടെക്‌സ്‌റ്റ് സന്ദേശങ്ങളിലൂടെയും ഇ-മെയിലിലൂടെയും അറിയിക്കുമെന്ന് സൗദി എയർലൈൻസ്  അറിയിച്ചു.

മൈക്രോസോഫ്റ്റ് വിന്‍ഡോസിലെ സൈബര്‍ സുരക്ഷാ ചുമതലയുള്ള ക്രൗഡ്‌സ്‌ട്രൈക്ക് വെള്ളിയാഴ്ച രാവിലെയാണ് നിശ്ചലമായത്. അമേരിക്ക, യു.കെ, ഇന്ത്യ അടക്കം ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളിലെയും നിരവധി ഐടി സംവിധാനങ്ങളെ ഇതു പ്രതികൂലമായി ബാധിച്ചു. ഇതുമൂലം വിമാനകമ്പനികള്‍, ബാങ്കുകള്‍, ഹെല്‍ത്ത് സെക്ടര്‍, മറ്റു സേവനങ്ങള്‍ ലഭ്യമാക്കുന്ന കമ്പനികള്‍ എന്നിവയുടെ സേവനങ്ങള്‍ തടസസ്സപ്പെട്ടു. ഇതുമൂലം ഒട്ടേറെ വിമാന സര്‍വീസുകള്‍ റദ്ദാക്കുകയോ, വൈകി സര്‍വീസ് നടത്തുകയോ ചെയ്തു.

പ്രതിസന്ധിയുടെ പ്രധാന കാരണം പരിഹരിക്കുന്നതായി മൈക്രോസോഫ്ട് വ്യക്തമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്