നാടിന്റെ കണ്ണിരായി മുണ്ടക്കൈ; മരണം 255 ആയി
വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടൽ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 255 ആയി ഉയർന്നു. ചാലിയാറിൽ നിന്ന് മാത്രം ഇതുവരെ 72 മൃതദേഹങ്ങൾ ലഭിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരാനാണു സാധ്യത.
240 പേരെ ഇനിയും കണ്ടെത്താനായില്ല. 195 പേർ ചികിത്സയിലുണ്ട്. 147 മൃതദേഹങ്ങൾ പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 52 മൃതദേഹാവശിഷ്ടങ്ങൾ ലഭിച്ചതിൽ 42 എണ്ണവും പോസ്റ്റ്‌മോര്‍ട്ടം ചെയ്തു. 75 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു നൽകിയിട്ടുണ്ട്. മുണ്ടക്കൈ ദുരന്തത്തിൽ മരിച്ച 32 പേരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. ഇപ്പോഴും സംസ്കാരം നടക്കുന്നു.
ദുരന്ത മുഖത്ത് ഇന്നത്തെ രക്ഷാപ്രവര്‍ത്തനം തടസപ്പെട്ടു. കനത്ത മഴ തുടരുന്നതിനാൽ അപായ സാധ്യത മുന്നിൽ കണ്ടാണ് രക്ഷാപ്രവർത്തനം ഇന്നത്തേക്ക് നിർത്തിയത്. നാളെ രാവിലെ വീണ്ടും രക്ഷാപ്രവർത്തനം പുനരാരംഭിക്കും. നിര്‍ത്താതെ പെയ്യുന്ന പെരുമഴയാണ് ചൂരൽ മലയിൽ. പുഴയിൽ ഉരുൾപൊട്ടിയതിന് സമാനമായ നിലയിലാണ് മലവെള്ളം കുതിച്ചൊഴുകുന്നത്
അതേ സമയം ബെയ്‌ലി പാലത്തിൻ്റെ നിര്‍മ്മാണം രാത്രിയും തുടരുമെന്ന് അറിയിച്ച് സൈന്യം. രാവിലെയോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യമെന്നും സൈന്യം വ്യക്തമാക്കി. മുണ്ടക്കൈയിലേക്കുളള താല്‍ക്കാലിക പാലം നേരത്തെ ശക്തമായ മലവെളളപ്പാച്ചിലിൽ മുങ്ങിയിരുന്നു.
ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കമെന്ന് വയനാട് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിച്ച് നൽകി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ കോൽപ്പാറ കോളനി,കാപ്പിക്കളo,സുഗന്ധഗിരി, പൊഴുതന പ്രദേശങ്ങളിൽ അതീവ ജാഗ്രത പുലർത്തണമെന്നും കളക്ടർ ഡി ആർ മേഘശ്രീ അറിയിച്ചു.
മലയാള നാടിന്റെ നോവായി മാറിയ മുണ്ടക്കൈയിൽ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു ഉരുൾ പൊട്ടിയത്. കേരളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തം ആണിത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa