Tuesday, December 3, 2024
KeralaTop Stories

മുണ്ടക്കൈ ഉരുൾ പൊട്ടൽ;മരണം 297 ആയി:ബെയ്ലി പാലം തുറന്നു

വയനാട് മുണ്ടക്കൈ ഉരുൾ പൊട്ടലിൽ മരിച്ചവരുടെ എണ്ണം 297 ആയി ഉയർന്നു. മരിച്ചവരിൽ 27 പേർ കുട്ടികളാണ്. 200 പേരെ കാണാത്തായിട്ടുണ്ട്.

അതേ സമയം ദുരന്തത്തെത്തുടർന്ന് തകർന്ന പ്രദേശത്തെ പാലത്തിനു പകരം സൈന്യം നിർമ്മിച്ച ബെയ്ലി പാലം നിർമ്മാണം പൂർത്തിയായി ഗതാഗതത്തിനു തുറന്ന് കൊടുത്തു.

സൈന്യത്തിന്റെ എൻജിനിയറിങ് വിഭാ​ഗം 40 മണിക്കൂർ കൊണ്ടാണ് 190 അടി നീളത്തിലുള്ള പാലം നിർമ്മിച്ചത്. പാലത്തിനു 24 ടൺ ഭാരം വഹിക്കാൻ ശേഷിയുണ്ട്. 

ബെയ്ലി പാലം നിർമിക്കുന്നതിനുള്ള സാമ​ഗ്രികൾ ഡൽഹി, ബം​ഗളൂരു എന്നിവിടങ്ങളിൽ നിന്ന് വിമാനത്തിലാണ് എത്തിച്ചത്. പിന്നീട് ട്രക്കുകളിൽ അവ ചൂരൽമലയിലെത്തിച്ചു. കണ്ണൂർ പ്രതിരോധ സുരക്ഷാ സേനാ ക്യാപ്റ്റൻ പുരൻ സിം​ഗ് നദാവത്തിന്റെ നേതൃത്വത്തിലാണ് ബെയ്ലി പാലത്തിന്റെ നിർമാണം നടന്നത്. മേജർ ജനറൽ വി ടി മാത്യു നിർമാണചുമതല വഹിച്ചു.

മുണ്ടക്കൈ , അട്ടമല ഭൂപ്രദേശങ്ങളെ ബന്ധിപ്പിച്ചിരുന്ന ചൂരൽമലയിലെ പാലമായിരുന്നു ഉരുൾ പൊട്ടലിൽ തകർന്നത്.  ആദ്യദിവസം പാലത്തിനപ്പുറമുള്ള പ്രദേശം ഒറ്റപ്പെട്ടു. തുടർന്ന് ഫയർഫോഴ്സ് കെട്ടിയ സിപ്പ് ലൈനിലൂടെയാണ് രക്ഷാപ്രവർത്തകർക്ക് അപ്പുറത്തേക്ക് എത്താൻ കഴിഞ്ഞത്. തൊട്ടടുത്ത ദിവസം സൈന്യം ഒരു ചെറിയ നടപ്പാലം സജ്ജമാക്കി. രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലേക്ക് പ്രവഹിച്ചു. ഒറ്റപ്പെട്ടുപോയ മനുഷ്യർക്ക് കരം നൽകാനായി . യന്ത്ര സഹായത്തോടെ പൂർണ്ണാർത്ഥത്തിൽ ഉള്ള തിരച്ചിൽ അപ്പോഴും പ്രതിസന്ധിയായി. ബെയ്ലി പാലമല്ലാതെ മറ്റൊരു വഴിയില്ലായിരുന്നു. ഇതോടെയാണ് പ്രതികൂല സാഹചര്യത്തിനിടയിലും സൈന്യം ബെയ്ലി പാലം 40 മണിക്കൂറിനുള്ളിൽ സജ്ജമാക്കിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്