Monday, November 25, 2024
Saudi ArabiaTop Stories

സൗദി മന്ത്രി സഭ 10 തൊഴിൽ നിയമ ഭേദഗതികൾ അംഗീകരിച്ചു

റിയാദ്: സൗദി വിഷൻ 2030 ൻ്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായി കൂടുതൽ ആകർഷകമായ തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കാനും സുസ്ഥിര വികസനം കൈവരിക്കുന്നതിനും ലക്ഷ്യമിട്ടുള്ള തൊഴിൽ നിയമത്തിലെ നിരവധി ആർട്ടിക്കിളുകളിലെ പ്രധാന ഭേദഗതികൾക്ക് സൗദി മന്ത്രി സഭാ കൗൺസിൽ ചൊവ്വാഴ്ച അംഗീകാരം നൽകി.

ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ച് 180 ദിവസം കഴിഞ്ഞതിനു ശേഷമാണ് ഭേദഗതി ചെയ്യപ്പെട്ട നിയമങ്ങൾ പ്രാബല്യത്തിൽ വരിക. മന്ത്രി സഭ അംഗീകരിച്ച പ്രധാനപ്പെട്ട തൊഴിൽ നിയമ ഭേദഗതികൾ താഴെ കൊടുക്കുന്നു.

തൊഴിൽ കരാർ തൊഴിലാളി അവസാനിപ്പിക്കുകയാണെങ്കിൽ (കാലയളവ് നിശ്ചയിക്കാത്ത കരാറുകൾക്ക്) 30 ദിവസം മുമ്പും, കരാർ തൊഴിലുടമ അവസാനിപ്പിക്കുകയാണെങ്കിൽ 60 ദിവസം മുമ്പും വിവരം അറിയിക്കണം (നോട്ടീസ് പിരീഡ്).

തൊഴിലാളിയുടെ സഹോദരനോ സഹോദരിയോ മരിച്ചാൽ സാലറിയോട് കൂടെ മൂന്ന് ദിവസം അവധി നൽകണം.

പുതുതായി വരുന്ന തൊഴിലാളിയുടെ പ്രൊബേഷണറി കാലയളവ് തൊഴിൽ കരാറിൽ രേഖപ്പെടുത്തണം. 180 ദിവസം വരെ പ്രൊബേഷണറി കാലയളവ് നിശ്ചയിക്കാം.

കരാർ കാലാവധി വ്യക്തമാക്കിയിട്ടില്ലെങ്കിൽ പ്രവാസി തൊഴിലാളിക്ക് കരാർ കാലാവധിയും പുതുക്കലും സംബന്ധിച്ച സംവിധാനം ഒരുക്കൽ.

വനിതാ തൊഴിലാളികളുടെ പ്രസവാവധി 12 ആഴ്ചയായി വർദ്ധിപ്പിക്കൽ.

ഒരു തൊഴിലാളി ഓവർടൈം ജോലി ചെയ്താൽ നൽകേണ്ട ഓവർ ടൈം മണിക്ക് പകരം, ആവശ്യമെങ്കിൽ ശമ്പളത്തോടുകൂടിയ അവധി നൽകൽ കരാറിൽ പെടുത്തൽ.

പരിശീലന കരാറിൽ ട്രെയിനിയുടെയും തൊഴിലുടമയുടെയും അവകാശങ്ങളും കടമകളും വ്യക്തമാക്കൽ.

രാജി , കടപ്പാട് എന്നിവയുടെ നിർവചനവും രാജി നടപടിക്രമങ്ങൾ വിശദീകരിക്കുകയും ചെയ്യുന്ന ഒരു ആർട്ടിക്കിൾ ചേർക്കൽ.

തൊഴിലുടമ തൊഴിൽ അവസരങ്ങളെ ദുർബലപ്പെടുത്തുന്നതോ അസാധുവാക്കുന്നതോ ആയ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക എന്നത് തൊഴിലുടമയുടെ കടമകളിൽ ചേർത്തിട്ടുണ്ട്.

പാപ്പരത്വ നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് തൊഴിൽ കരാർ അവസാനിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങങ്ങൾ. എന്നിവയാണ് പുതിയ ഭേദഗതികൾ.




അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്