ഹുറൂബ് സൗജന്യമായും ഫീസടച്ചും ഒഴിവാക്കാൻ സാധിക്കുന്ന ഘട്ടങ്ങളും മാർഗങ്ങളും അറിയാം
സൗദിയിലെ ഒരു തൊഴിലാളി തൊഴിലിടത്തിൽ നിന്ന് അപ്രത്യക്ഷനാകുമ്പോൾ കഫീലിന് അയാളെ ഒളിച്ചോടിയതായി റിപ്പോർട്ട് ചെയ്യാനുള്ള അവസരമാണ് ഹുറൂബാക്കൽ. ഒളിച്ചോടിയ തൊഴിലാളിയുടെ മേലുള്ള ഉത്തരവാദിത്വങ്ങളിൽ നിന്ന് ഒഴിവാകാൻ ഈ സംവിധാനം കഫീലിനെ സഹായിക്കും.
എന്നാൽ പലപ്പോഴും ചില കൂലിക്കഫീലുമാർ ഈ സംവിധാനം ദുരുപയോഗപ്പെടുത്താറും ഉണ്ട് എന്നതും ഒരു വസ്തുതയാണ്. ഇത്തരത്തിൽ അനാവശ്യമായി ഹുറൂബ് ആക്കപ്പെട്ട നിരവധി പ്രവാസികളുണ്ട്. ഇങ്ങനെ ഹുറൂബായവർ അത് നീക്കം ചെയ്യാനുള്ള മാർഗങ്ങൾ ആരാഞ്ഞ് ബന്ധപ്പെടാറുണ്ട്. അത് കൊണ്ട് ഹുറൂബ് നീക്കം ചെയ്യുന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ പരിശോധിക്കാം.
ഒരു തൊഴിലാളിയെ ഹുറൂബാക്കി 15 ദിവസത്തിനുള്ളിൽ കഫീലിനു ഹുറൂബ് സൗജന്യമായിത്തന്നെ നീക്കം ചെയ്യാൻ അവസരമുണ്ട്.
എന്നാൽ ഹുറൂബാക്കി 4 മാസത്തിനുള്ളിൽ ആണ് ഹുറൂബ് നിക്കം ചെയ്യുന്നതെങ്കിൽ 2000 റിയാൽ ഫീസ് നൽകണം എന്നാണ് വ്യവസ്ഥ.
കഫീലിന് അബ്ഷിർ വഴിയും നേരിട്ട് മന്ത്രാലയത്തെ സമീപിച്ചുമെല്ലാം ഹുറൂബ് ഒഴിവാക്കാൻ ശ്രമിക്കാം. ഇതിനു കഫീലിന്റെ സ്ഥാപനം നിലവിൽ ഉണ്ടായിരിക്കണം, തന്നെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന തൊഴിലാളിയുടെ പരാതി നിലവിൽ ഉണ്ടാകാൻ പാടില്ല, തൊഴിലാളി തർഹീലിൽ (താത്ക്കാലിക നാട് കടത്ത് കേന്ദ്രം) ആയിരിക്കാൻ പാടില്ല എന്നീ വ്യവസ്ഥകൾ ഉണ്ടെന്നോർക്കുക.
അതേ സമയം ഒരു തൊഴിലാളിയെ അനാവശ്യമായി ഹുറൂബാക്കിയതാണെന്ന് അയാൾക്ക് തെളിയിക്കാൻ സാധിച്ചാൽ ലേബർ ഓഫീസ് മുഖേന അയാൾക്ക് സ്പോൺസർഷിപ്പ് മാറ്റമോ നിയമപരമായ ഫൈനൽ എക്സിറ്റോ എല്ലാം ലഭ്യമാകും. ഇങ്ങനെയുള്ളവർ കുറുക്കു വഴികളിലൂടെ സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനു പകരം നിയമപരമായി ഹുറൂബ് ഒഴിവാക്കാൻ ശ്രമിച്ചാൽ പിന്നീടുള്ള സൗദി പ്രവേശനത്തെ അത് ബാധിക്കുകയില്ല എന്നോർക്കുക.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa