Wednesday, November 6, 2024
Middle EastTop Stories

നെതന്യാഹുവിന്റെ വീടിന് നേരെ ഡ്രോൺ ആക്രമണം

ഇന്ന് ശനിയാഴ്ച രാവിലെ പ്രധാന മന്ത്രി നെതന്യാഹുവിന്റെ വീട് ലക്‌ഷ്യം വെച്ച് ഡ്രോൺ ആക്രമണമുണ്ടായതായി ഇസ്രായേൽ സൈനിക വക്താവ് പ്രസ്താവനയിൽ അറിയിച്ചു.

ടെൽ അവീവിന് വടക്ക് സിസേറിയയിൽ നെതന്യാഹുവിൻ്റെ വീട് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ കെട്ടിടത്തിൽ ഡ്രോൺ ഇടിച്ചു എന്നാണ് റിപ്പോർട്ട് , എന്നാൽ കെട്ടിടം ഏതാണെന്ന് സൈന്യം വ്യക്തമാക്കിയില്ല.

ലബനൻ പ്രദേശത്ത് നിന്ന് വിക്ഷേപിച്ച മൂന്ന് ഡ്രോണുകളിൽ ഒന്നാണ് സിസേറിയയിൽ പതിച്ചത്, ബാക്കി രണ്ടെണ്ണം വെടിവെച്ച് വീഴ്ത്തിയതായി ഇസ്രായേൽ സൈന്യം അവകാശപ്പെട്ടു.

ആക്രമണം നടക്കുമ്പോൾ നെതന്യാഹുവും കുടുംബവും സിസേറിയയിൽ ഇല്ലായിരുന്നുവെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും സൈന്യം പറയുന്നുണ്ട്.

നിരവധി ആംബുലൻസുകളും, പോലീസ് വാഹനങ്ങളും സ്ഥലത്തെത്തിയിട്ടുണ്ടെന്നും, ഡ്രോൺ ഇടിച്ച സ്ഥലത്തേക്ക് മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയിരിക്കുകയാണ് എന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹമാസ് നേതാവ് യഹ്‌യ സിൻവാറിന്റെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ആക്രമണമെന്നാണ് കരുതുന്നത്. എന്നാൽ ഹിസ്ബുള്ളയോ മറ്റേതെങ്കിലും ഗ്രൂപ്പോ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഏറ്റെടുത്തിട്ടില്ല

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa