ഒരിക്കൽ കൂടെ ഗൾഫിലേക്ക് പോകണം; നാട്ടിൽ നിന്നാൽ ശരിയാകില്ല: മുൻ നിരവധി പ്രവാസികൾ ഇങ്ങനെ ചിന്തിക്കാനുള്ള കാരണം എന്തായിരിക്കും
“കാലം കുറേയായി ഈ മരുനാട്ടിൽ അധ്വാനിക്കുന്നു;ഇനിയും ഇവിടെ തുടർന്നാൽ പ്രവാസം നീണ്ട് പോകലല്ലാതെ നാട്ടിൽ പോക്ക് നടക്കില്ല” എന്ന് പറഞ്ഞ് നാട്ടിലേക്ക് സ്ഥിര താമസത്തിനായി മടങ്ങിയ നിരവധി പ്രവാസികളുണ്ട്.
എന്നാൽ അവരിൽ പലരും കുറച്ച് വർഷം നാട്ടിൽ കഴിഞ്ഞാൽ വീണ്ടും ഗൾഫിലേക്ക് തന്നെ പോകാനായി എതെങ്കിലും ഒരു വിസ ലഭിക്കുമോ എന്ന് അന്വേഷിക്കുന്ന അവസ്ഥയാണ് കാണാൻ സാധിക്കുന്നത്. ഏകദേശം 40 വർഷത്തോളം സൗദിയിൽ ജോലി ചെയ്ത് 60 വയസ്സിനോടടുത്തപ്പോൾ സൗദിയിൽ നിന്ന് മടങ്ങിയ വ്യക്തികൾ പോലും വീണ്ടും പ്രവാസ ലോകത്തേക്ക് പറക്കാനുള്ള വഴികൾ ആരായുന്നത് കാണുമ്പോൾ അത്ഭുതം തോന്നാറുണ്ട്.
എന്ത് കൊണ്ടാണ് ഇത്തരത്തിൽ വീണ്ടും പലരും ഗൾഫിലേക്ക് പോകാൻ ആഗ്രഹിക്കുന്നത് എന്നത് സംബന്ധിച്ച് അന്വേഷിക്കുമ്പോൾ നിരവധി ഉത്തരങ്ങൾ ആണ് ലഭിക്കുന്നത്.
ചിലർ പറയുന്നത് നാട്ടിലെ ചെലവും വരവും ബാലൻസ് ചെയ്യാൻ കഴിയുന്നില്ല എന്നതാണ്. നാട്ടിൽ അത്യാവശ്യം നല്ല വരുമാനം ഉണ്ടായിട്ടും അത്യാവശ്യമായി പണം ആവശ്യം വരുമ്പോൾ കയ്യിലുള്ളതൊന്നും തികയുന്നില്ല എന്നാണ് ഇവർക്ക് പ്രധാനമായും പറയാനുള്ളത്.
മറ്റു ചിലർ പറയുന്നത് ഗൾഫ് നിർത്തിയെന്നറിയുമ്പോൾ ഉണ്ടാകുന്ന കുടുംബങ്ങളുടെയും മറ്റും അവഗണനയെക്കുറിച്ചാണ്. സാമ്പത്തികമായി ഇനി ഇയാളെക്കൊണ്ട് വലിയ ഗുണം ഒന്നും ഇല്ല എന്ന് കാണുമ്പോൾ അറിഞ്ഞോ അറിയാതെയോ പലരും മുൻ പ്രവാസികളോട് അത്തരത്തിൽ ഒരു സമീപനം വെച്ച് പുലർത്തുന്നത് കാണാറുണ്ട് എന്നത് ഒരു യാഥാർഥ്യമാണ്.
എന്ത് ത്യാഗം സഹിച്ചും നാട്ടിൽ നിൽക്കാൻ തയ്യാറാകുന്ന ചിലരെ അവർ ആരംഭിക്കുന്ന ചില സംരംഭങ്ങളുടെ തകർച്ചകൾവീണ്ടും ഗൾഫിലേക്ക് തന്നെ മടങ്ങുന്നതിനെക്കുറിച്ച് ചിന്തിപ്പിക്കാറുണ്ട് എന്നതും ഒരു വസ്തുതയാണ്.
കുട്ടികളുടെ വിദ്യാഭ്യാസം, ആശുപത്രിവചെലവുകൾ, ബന്ധുക്കളിലും അയൽപ്പക്കങ്ങളിലും മറ്റും നമ്മുടെ ധന സഹായങ്ങൾ എത്തേണ്ട കല്യാണങ്ങളും രോഗങ്ങളും മറ്റും തുടങ്ങി പലതും പല പ്രവാസികളെയും വീണ്ടും ഗൾഫ് എന്ന ചിന്തയിലേക്ക് നയിക്കാറുണ്ട്.
ചുരുക്കത്തിൽ ഇത്തരത്തിലുള്ള വിവിധ വിഷയങ്ങളിൽ പെട്ട് നാട്ടിൽ തന്നെ കൂടാനുള്ള തങ്ങളുടെ ആഗ്രഹം മാറ്റി വെക്കേണ്ടി വരുന്ന അവസ്ഥയാണ് പല മുൻ പ്രവാസികൾക്കും ഉള്ളത്.
ഈ സ്ഥിതി മാറാൻ പ്രവാസികൾക്ക് ചെയ്യാൻ കഴിയുന്ന ചില കാര്യങ്ങളുണ്ട്. പ്രവാസ ലോകത്ത് ജോലി ചെയ്യുമ്പോൾ തന്നെ കൃത്യമായ ഒരു ആസൂത്രണത്തിലൂടെ നാട്ടിൽ ഒരു സ്ഥിര വരുമാനം ആദ്യം തന്നെ ഉറപ്പാക്കുക എന്നത് അതിൽ പ്രധാനമാണ്. അത് എന്തെങ്കിലും സംരംഭമാകാം, വാടക വരുമാനമാകാം അല്ലെങ്കിൽ തനിക്ക് പ്രയാസമില്ലാതെ ചെയ്യാൻ കഴിയുന്ന ഒരു തൊഴിലെങ്കിലും ആകാം.
അതോടൊപ്പം ഇപ്പോഴത്തെ കാലത്തു ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം മാതാപിതാക്കളോടുള്ള കടമകൾ നിർവ്വഹിക്കുന്ന തരത്തിൽ തങ്ങളുടെ മക്കളെ വളർത്തിയെടുക്കുക എന്നുള്ളതാണ്. പലരും മക്കളുടെ അവഗണനയാൽ പ്രയാസപ്പെടുന്ന അനുഭവങ്ങൾ പങ്ക് വെക്കാറുണ്ട് എന്നത് ഒരു വസ്തുതയാണ്.
താൻ ഇപ്പോൾ ഒരു ഗൾഫുകാരനല്ലെന്ന ഉത്തമ ബോധ്യത്തൊടെ നാട്ടിൽ കഴിയുക എന്നതും പ്രധാനമാണ്. അമിത ചെലവുകളും മറ്റും കുറക്കലും ആശുപത്രി സേവനങ്ങളും മറ്റും ലഭിക്കാൻ സർക്കാർ ആശുപത്രികളെയും മറ്റും സമീപിക്കലും ഉള്ളതിനനുസരിച്ച് മാത്രം സംഭാവനകളും മറ്റും നൽകലും എല്ലാം ഇതിന്റെ ഭാഗമായി വരുന്നു.
ചുരുക്കത്തിൽ, പ്രവാസം അവസാനിപ്പിച്ചിട്ടും വീണ്ടും പ്രവാസത്തെ ആശ്രയിക്കേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കാൻ മേൽ പരാമർശിച്ച ചില കാര്യങ്ങളും മറ്റു ഗുണകരമായ സംഗതികളും ആദ്യമേ ആസൂത്രണം ചെയ്യലും അവ പ്രാവർത്തികമാക്കാൻ ശ്രമിക്കലും ഏറെ സഹായിക്കും എന്ന് തീർച്ച.
✍️ജിഹാദുദ്ദീൻ അരീക്കാടൻ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa