Thursday, November 14, 2024
Middle EastTop Stories

അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ ഹൂത്തികളുടെ മിസൈൽ ആക്രമണം

ചെങ്കടലിൽ അമേരിക്കൻ യുദ്ധക്കപ്പലുകൾക്ക് നേരെ യെമനിലെ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയതായി പെന്റഗൺ അറിയിച്ചു.

കുറഞ്ഞത് എട്ട് ഡ്രോണുകളും അഞ്ച് കപ്പൽ വിരുദ്ധ ബാലിസ്റ്റിക് മിസൈലുകളും മൂന്ന് കപ്പൽ വിരുദ്ധ ക്രൂയിസ് മിസൈലുകളും കപ്പലുകൾക്ക് നേരെ തൊടുത്തു വിട്ടു.

യെമനിലെ ഹൂത്തികളുടെ ആയുധ സംഭരണ ​​കേന്ദ്രങ്ങൾക്കെതിരെ യുഎസ് സെൻട്രൽ കമാൻഡ് നടത്തിയ വ്യോമാക്രമണത്തിന് തിരിച്ചടിയായിക്കൊണ്ടായിരുന്നു ആക്രമണം.

ഇസ്രായേലിലേക്ക് പോകുന്ന ചരക്കു കപ്പലുകളെ ഹൂത്തികൾ ചെങ്കടലിൽ വെച്ച് ആക്രമിക്കുന്ന പശ്ചാത്തലത്തിലായിരുന്നു അമേരിക്കയുടെ സൈനിക നടപടി.

യെമനിലെ ഹൊദൈദയിൽ നിന്ന് 70 നോട്ടിക്കൽ മൈൽ തെക്കുപടിഞ്ഞാറായി കപ്പലിന് സമീപം നിരവധി സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി ബ്രിട്ടീഷ് മാരിടൈം ട്രേഡ് ഓപ്പറേഷൻസ് അതോറിറ്റി ചൊവ്വാഴ്ച പ്രഖ്യാപിച്ചിരുന്നു,

കപ്പലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അതിലെ ജീവനക്കാർക്ക് പരിക്ക് പറ്റിയിട്ടില്ലെന്നും പെൻ്റഗൺ പ്രസ് സെക്രട്ടറി എയർഫോഴ്‌സ് മേജർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു.

എന്നാൽ യുഎസ്എസ് എബ്രഹാം ലിങ്കൺ വിമാനവാഹിനിക്കപ്പലിനെ വിജയകരമായി ആക്രമിച്ചതായി ഹൂത്തി സൈനിക വക്താവ് യഹ്‌യ അൽ-സരിയ എക്‌സിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa