സൗദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി
സൗദി അറേബ്യയിലെ അൽ-ഖസീം പ്രവിശ്യയിലെ ബുറൈദക്കടുത്തുള്ള ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി.
കൊല്ലം കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത് (40), ഭാര്യ പ്രീതി (32) എന്നിവരെയാണ് താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
ശരത്തിനെ മുറിയിൽ തൂങ്ങിമരിച്ച നിലയിലും, പ്രീതിയെ തറയിൽ മരിച്ചു കിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്.
ജോലിക്കെത്താത്ത ശരത്തിനെ സ്പോൺസർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും കിട്ടാത്തതിനെ തുടർന്ന് താമസസ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് വിവരം അറിയുന്നത്.
പോലീസെത്തി പൂട്ടിയ ഫ്ലാറ്റിന്റെ വാതിൽ തകർത്ത് അകത്തു കയറിയപ്പോഴേക്കും രണ്ടും പേരും മരിച്ചിരുന്നു.
മൃതദേഹങ്ങൾ ബുറൈദ സെൻട്രൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാല് വർഷങ്ങൾക്ക് മുമ്പ് വിവാഹിതനായ ശരത് രണ്ടു മാസം മുമ്പാണ് പ്രീതിയെ സൗദിയിലേക്ക് കൊണ്ടുവന്നത്.
ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക് പ്ലംബിങ് ജോലികൾ ചെയ്തു വരികയായിരുന്നു ശരത്.
.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa