Tuesday, November 19, 2024
Middle EastTop Stories

ഇസ്രായേലിലെ ഏറ്റവും വലിയ സെറ്റിൽമെൻ്റ് ഓർഗനൈസേഷനെതിരെ അമേരിക്കയുടെ ഉപരോധം

ഇസ്രായേലിലെ ഏറ്റവും വലിയ സെറ്റിൽമെൻ്റ് ഡെവലപ്‌മെൻ്റ് ഓർഗനൈസേഷനായ അമാനയ്ക്ക് മേൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തി.

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഫലസ്തീനികൾക്കെതിരായ ഇസ്രായേൽ കുടിയേറ്റക്കാരുടെ ആക്രമണം വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉപരോധം.

ഫലസ്തീൻ ഭൂമി പിടിച്ചടക്കാനും, ജൂതന്മാർക്ക് അനധികൃതമായി കുടിയേറാൻ സഹായിക്കുകയും ചെയ്യുന്ന സംഘടനയാണ് അമാന. യുകെയും കാനഡയും അമാനയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപരോധം അമാനയുമായുള്ള ഇടപാടുകളിൽ നിന്ന് അമേരിക്കക്കാരെ തടയുകയും അമേരിക്കയുടെ കൈവശമുള്ള സ്വത്തുക്കൾ മരവിപ്പിക്കുകയും ചെയ്യുന്നു.

വെസ്റ്റ് ബാങ്കിലെ സമാധാനം, സുരക്ഷ, സ്ഥിരത എന്നിവയ്ക്ക് തുരങ്കം വെക്കുന്നവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ഫെബ്രുവരിയിൽ പ്രസിഡൻ്റ് ജോ ബൈഡൻ എക്സിക്യൂട്ടീവ് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

കുടിയേറ്റക്കാരെ അക്രമത്തിന് പ്രേരിപ്പിച്ചതിന് രണ്ട് തീവ്ര വലതുപക്ഷ ഇസ്രായേൽ മന്ത്രിമാരായ ബെസാലെൽ സ്മോട്രിച്ച്, ഇറ്റാമർ ബെൻ-ഗ്വിർ എന്നിവർക്കെതിരെ ഉപരോധം ഏർപ്പെടുത്താൻ ഡെമോക്രാറ്റുകളുടെ ഒരു സംഘം ബൈഡന് കത്ത് നൽകിയിരുന്നു.

എന്നാൽ മന്ത്രിമാർക്കെതിരെ ഉപരോധമേർപ്പെടുത്താതെ കുടിയേറ്റ സംഘടനക്കെതിരെ മാത്രം ബൈഡൻ നടപടി സ്വീകരിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa