സൗദി അറേബ്യയിൽ വീടിന് തീ പിടിച്ച് 4 പേർ വെന്തുമരിച്ചു; 6 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു
സൗദിയിലെ ഹഫർ അൽ ബാത്തിനിൽ വീടിന് തീപിടിച്ച് നാല് പേർ വെന്തുമരിച്ചു. ആറ് പേരെ ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മരണപ്പെട്ടവരിൽ 8 മാസമായ കുഞ്ഞും, രണ്ടു മാസത്തിന് ശേഷം വിവാഹം നടത്താൻ നിശ്ചയിച്ചിരുന്ന 18 വയസ്സുകാരിയായ പെൺകുട്ടിയും ഉൾപ്പെടുന്നു.
ശക്തമായ തണുപ്പ് കാരണം വീട്ടിനകത്ത് പ്രവർത്തിപ്പിച്ചിരുന്ന ഹീറ്ററിൽ നിന്ന് തീ പടർന്നാണ് വീടിന് മൊത്തം തീപിടിച്ചത്.
പത്ത് അംഗങ്ങളുള്ള ഒരു യെമൻ ഫാമിലിയാണ് വീട്ടിൽ താമസിച്ചിരുന്നത്. കുടുംബത്തിലെ ഏറ്റവും മുതിർന്ന അംഗമായ മുഹ്‌സിൻ അൽ ഹാദിയുടെ മകളും മരുമകനും പേരക്കുട്ടികളുമാണ് മരിച്ചത്.
തിങ്കളാഴ്ച പുലർച്ചെ നാലരക്കാണ് സിവിൽ ഡിഫൻസിൽ തീപിടിത്തത്തെ കുറിച്ചുള്ള വിവരം ലഭിക്കുന്നത്. ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തിയെങ്കിലും നാല് പേർ അപ്പോഴേക്കും മരണപ്പെട്ടിരുന്നു.
ഹഫർ അൽ ബാത്തിനടക്കം സൗദി അറേബ്യയുടെ വിവിധ ഭാഗങ്ങളിൽ കനത്ത തണുപ്പാണ് അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നത്.
തണുപ്പിൽ നിന്ന് രക്ഷ നേടാനായി ഹീറ്ററുകൾ ഉപയോഗിക്കുമ്പോൾ സുരക്ഷാ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa