Friday, January 10, 2025
Saudi ArabiaTop Stories

മക്കയിൽ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് പേർക്ക് ദാരുണാന്ത്യം

മക്കയിൽ താഴ്വര മുറിച്ചു കടക്കുന്നതിനിടെ കാർ മലവെള്ളപ്പാച്ചിലിൽ പെട്ട് നാല് യുവാക്കൾ മുങ്ങി മരിച്ചു.

മഗ്‌രിബ് നമസ്കാരം കഴിഞ്ഞ് വിശ്രമ സ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് മക്കയിലെ വാദി ഗർണയിലെ ശക്തമായ മലവെള്ളപ്പാച്ചിലിൽ പെട്ട് യുവാക്കൾ മരണപ്പെട്ടത്.

സംഭവത്തിന് ദൃസാക്ഷികളായവർക്ക് ശക്തമായ ഒഴുക്ക് കാരണം കാർ ഒഴികിപ്പോകുന്നത് നോക്കി നിൽക്കാനേ കഴിഞ്ഞുള്ളു.

മരണപ്പെട്ടവരിൽ ഒരാളുടെ ബന്ധുവായ ഡോ. അബ്ദുല്ല അൽ-സഹ്‌റാനി വേദനാജനകമായ സംഭവത്തിൻ്റെ വിശദാംശങ്ങൾ മാധ്യമങ്ങളോട് വിവരിച്ചു.

ജലനിരപ്പ് കുറവാണെന്ന് കരുതി കാറുമായി താഴ്വര മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെ ശക്തിയായി ഒഴുകിയെത്തിയ വെള്ളം കാറിനെ ഒന്നാകെ മൂടുകയായിരുന്നു.

നിരവധി താഴ്വരകളുള്ള മക്ക പോലുള്ള പ്രദേശങ്ങളിൽ, മഴയുള്ള സമയങ്ങൾ ഉല്ലാസയാത്രകൾക്ക് ഉപയോഗിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മഴ കുറവാണെങ്കിലും അപ്രതീക്ഷിതമായിട്ടെത്തുന്ന മലവെള്ളം അപകടമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.

മഴയെ തുടർന്ന് വിത്യസ്ത മാധ്യമങ്ങളിലൂടെ അറിയിക്കുന്ന സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാവരും പാലിക്കണമെന്ന് സിവിൽ ഡിഫൻസ് നിരന്തരമായി മുന്നറിയിപ്പ് നല്കുന്നുണ്ട്.

പ്രത്യേകിച്ചും മഴയുള്ള സമയങ്ങളിൽ താഴ്വരകൾ മുറിച്ചു കടക്കരുതെന്നും, വെള്ളം കെട്ടി നിൽക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കണമെന്നും അവർ അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa