വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് മുൻപായി പരമാവധി ആക്രമണം നടത്താൻ ഇസ്രായേൽ; ഗാസയിൽ 40 പേരെ ബോംബിട്ടു കൊന്നു.
അമേരിക്കയുടെയും, ഖത്തറിന്റെയും, ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടപ്പാക്കുന്ന വെടിനിർത്തൽ കരാർ ഇസ്രായേലും ഹമാസും അംഗീകരിച്ചു എന്ന പ്രഖ്യാപനം വന്നതിന് പിന്നാലെ ഗാസയിൽ ആക്രമണം കനപ്പിച്ച് ഇസ്രായേൽ.
ആക്രമണത്തിൽ കുട്ടികളടക്കം 40 പേർ കൊല്ലപ്പെട്ടു. ഗാസയിൽ നിന്ന് പിൻവാങ്ങുന്നതിന് മുൻപായി പരമാവധി ആക്രമണം നടത്തുക എന്നതാണ് ഇസ്രായേൽ ലക്‌ഷ്യം വെക്കുന്നത്.
ഒരുവശത്ത് വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ വരുന്ന സന്തോഷത്താൽ ഗാസയിലെങ്ങും ഫലസ്തീനികൾ ആഹ്ളാദപ്രകടനം നടത്തുന്നതിനിടെ മറുവശത്ത് ഇസ്രായേൽ ആക്രമണം വർധിപ്പിക്കുകയാണ്.
അതേസമയം അധിനിവേശ വെസ്റ്റ്ബാങ്കിൽ തീവ്ര ഇസ്രായേൽ കുടിയേറ്റക്കാർ ഒരു വാഹനത്തിന് തീയിട്ടതായി ഖുദ്‌സ് ന്യൂസ് നെറ്റ്‌വർക്ക് റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച വരെ വെടിനിർത്തൽ ആരംഭിക്കാൻ തീരുമാനിച്ചിട്ടില്ലാത്തതിനാൽ, ഇസ്രായേൽ ബോംബാക്രമണം കനപ്പിക്കുകയാണെന്നും, ഗാസയിൽ നടത്തിയ പുതിയ ആക്രമണങ്ങളിൽ 80 ലധികം പേർ കൊല്ലപ്പെട്ടുവെന്നും മിഡിൽ ഈസ്റ്റ് രാഷ്ട്രീയ വിശകലന വിദഗ്ധൻ ഒമർ ബദ്ദർ പറഞ്ഞു.
ഫലസ്തീനികൾക്ക് ജീവിക്കാൻ ഗാസ സുരക്ഷിതവും സ്വതന്ത്രവുമായ ഒരു സ്ഥലമാകുമെന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ബദ്ദർ പറഞ്ഞു.
പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും നിരവധി പേർ അവശിഷ്ടങ്ങൾക്കടിയിൽ കുഴിച്ചിടപ്പെടുകയും ചെയ്തതിനാൽ ഗാസ ഒരു തടങ്കൽപ്പാളയമായിരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa