റിയാദിൽ വീട് കേന്ദ്രീകരിച്ച് വ്യാജ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന വിദേശികൾ പിടിയിൽ
റിയാദിൽ വീട് കേന്ദ്രീകരിച്ച് അനധികൃത തൊഴിലാളികൾ നടത്തിയിരുന്ന ഭക്ഷ്യ-സൗന്ദര്യവർദ്ധക വസ്‌തുക്കളുടെ വ്യാജ ഫാക്‌ടറി വാണിജ്യ മന്ത്രാലയം പിടിച്ചെടുത്തു.
റിയാദിലെ ഉമ്മു സലിം പരിസരത്തുള്ള ഒരു വീട്ടിൽ വെച്ചാണ് അജ്ഞാത ഉൽപ്പന്നങ്ങൾ, എക്സ്പെയറി ഡേറ്റും നിർമ്മിച്ച രാജ്യവും വ്യാജമായി രേഖപ്പെടുത്തിയ സ്റ്റിക്കർ പതിച്ച് പാക്ക് ചെയ്തിരുന്നത്.
വിവിധ തരം ഭക്ഷ്യ എണ്ണ ഉൽപന്നങ്ങൾ, വിനാഗിരി, സുഗന്ധവ്യഞ്ജനങ്ങൾ, കുങ്കുമപ്പൂവ്, ഔഷധസസ്യങ്ങൾ, പാചക എണ്ണകൾ, കൃത്രിമ നിറങ്ങൾ ചേർത്ത് പായ്ക്ക് ചെയ്ത കേശ സംരക്ഷണ ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
ചില ഉൽപ്പന്നങ്ങളുടെ കാലഹരണ തീയതി ഒന്ന് മുതൽ നാല് വർഷം വരെ രേഖപ്പെടുത്തിയതിന് പുറമെ, പാക്കേജുകളിൽ “മെയ്ഡ് ഇൻ ഫ്രാൻസ്”, “മെയ്ഡ് ഇൻ അമേരിക്ക” എന്നിങ്ങനെ അച്ചടിച്ച സ്റ്റിക്കറും പതിച്ചിരുന്നു.
ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സൗന്ദര്യവർദ്ധക ഉൽപ്പന്നങ്ങളുടെ പാക്കേജിംഗ്, വഞ്ചന, വ്യാജ വ്യാപാരമുദ്ര എന്നിങ്ങനെയുള്ള നിയമലംഘനങ്ങൾ സൂപ്പർവൈസറി ടീമുകൾ നിരീക്ഷിച്ചു.
പ്രതികൾക്ക് പരമാവധി പത്ത് ലക്ഷം റിയാൽ വരെ പിഴയും, മൂന്ന് വർഷം തടവും, അപകീർത്തിപ്പെടുത്തലും, നാടുകടത്തലും ശിക്ഷയായി ലഭിച്ചേക്കും.
മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയം, മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം, ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി, ബൗദ്ധിക സ്വത്തവകാശ അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa