സൗദിയിൽ നിന്ന് പ്രവാസികൾ പണമയക്കുന്നതിൽ വൻ വർദ്ധനവ്; കാരണം വ്യക്തമാക്കി വിദഗ്ധർ
റിയാദ് : സൗദി അറേബ്യയിൽ നിന്നുള്ള വിദേശികളുടെ പണമയയ്ക്കലിൽ വൻ വർദ്ധനവ്. 2024-ൽ വാർഷികാടിസ്ഥാനത്തിൽ 14 ശതമാനം വർദ്ധനവ് ആണ് രേഖപ്പെടുത്തിയത് (144 ബില്യൺ റിയാൽ). ഇത് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയാണെന്ന് സൗദി സെൻട്രൽ ബാങ്ക് (SAMA) പുറത്തിറക്കിയ പ്രതിമാസ സ്റ്റാറ്റിസ്റ്റിക്കൽ ബുള്ളറ്റിൻ പറയുന്നു.
അഷർഖ് അൽ-ഔസത്ത് പത്രത്തിലെ ഒരു റിപ്പോർട്ട് പ്രകാരം, തൊഴിൽ നിരക്കുകളിലെ വളർച്ചയും ചില മേഖലകളിലെ വേതനത്തിലെ പുരോഗതിയുമാണ് ഈ വർധനവിനെ പ്രധാനമായും സ്വാധീനിച്ചത് എന്ന് പറയുന്നു.
സാമ്പത്തിക വിശകലന വിദഗ്ദ്ധ റാവാൻ ബിൻത് റാബിയാൻ, ഈ വർധനവിന് കാരണം തൊഴിൽ വർദ്ധനവിന് പുറമേ ശക്തമായ സാമ്പത്തിക വളർച്ചയുമാണ് എന്ന് പറയുന്നു. “വിഷൻ 2030 പദ്ധതികൾ നടപ്പിലാക്കുന്നതിലെ വികാസം വിദേശ തൊഴിലാളികളുടെ ആവശ്യകതയിൽ കുതിച്ചുചാട്ടത്തിന് കാരണമായി, പ്രത്യേകിച്ച് നിർമ്മാണ, സേവന മേഖലകളിൽ. സ്വകാര്യ മേഖലയിലെ സൗദി ഇതര തൊഴിലാളികളുടെ എണ്ണം 2024 ൽ 8.9 ദശലക്ഷമായി വർദ്ധിച്ചു, ഇത് വാർഷികാടിസ്ഥാനത്തിൽ 3.5 ശതമാനം വർദ്ധനവ് ആണ് ഉണ്ടാക്കിയത്, ഇത് പണമയയ്ക്കലിന്റെ അളവിൽ നേരിട്ട് പ്രതിഫലിച്ചു,” അവർ വ്യക്തമാക്കി.
അതേ സമയം കഴിഞ്ഞ ദിവസങ്ങളിലെ ഇന്ത്യൻ രൂപയുടെ ഡോളറിനെതിരെയുള്ള തകർച്ച പ്രവാസികൾ വലിയ തോതിൽ മുതലെടുക്കുന്നുണ്ട് എന്നും പലരും കടം വാങ്ങിയും മറ്റും നാട്ടിലേക്ക് പണമയക്കുന്നുണ്ടെന്നും ജിദ്ദയിലെ സാമൂഹിക പ്രവർത്തകൻ അബ്ദുൽ റസാഖ് വിപി ചേറൂർ അറേബ്യൻ മലയാളിയെ അറിയിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa