Wednesday, February 26, 2025
Saudi ArabiaTop Stories

സൗദിയിലെ ഖുറയ്യാത്തിൽ കനത്ത തണുപ്പ്; പുറത്തിറങ്ങാതെ ജനങ്ങൾ

സൗദിയിലെ ഖുറയ്യാത്തിൽ ശക്തമായ തണുപ്പ് തുടർന്നുകൊണ്ടിരിക്കുകയാണ്. ഞായറാഴ്ച രാവിലെ 2 ഡിഗ്രി സെൽഷ്യസ് ആണ് കുറഞ്ഞ താപനില രേഖപ്പെടുത്തിയത്.

മിക്ക ദിവസങ്ങളിലും ഇവിടെ താപനില പത്ത് ഡിഗ്രി സെൽഷ്യസിൽ താഴെയാണ്. ഗവർണറേറ്റിന് സമീപമുള്ള ഫാമുകൾ, വിശ്രമ കേന്ദ്രങ്ങൾ, ഗ്രാമങ്ങൾ, മരുഭൂ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ തണുത്തുറഞ്ഞ വെള്ളത്തിന്റെ ചിത്രങ്ങൾ നിരവധി താമസക്കാർ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തു.

ശക്തമായ തണുപ്പിനെ തുടർന്ന് ജനങ്ങൾ വീടുകളിൽ നിന്ന് പുറത്തിറങ്ങാൻ മടിക്കുന്നതിനാൽ ഗവർണറേറ്റിലെ തെരുവുകളും മാർക്കറ്റുകളും രാത്രിയിൽ ഏതാണ്ട് വിജനമാണെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

സൗദിയുടെ വടക്ക് ഭാഗത്ത് ജോർദാൻ അതിർത്തിയോട് വളരെ അടുത്ത് സ്ഥിതി ചെയ്യുന്ന ഖുറയ്യാത്ത് ഗവർണറേറ്റ് രാജ്യത്ത് ശക്തമായ തണുപ്പ് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ്.

ഖുറയ്യാത്തിൽ നിന്നും 140 കിലോമീറ്റർ അകലെയാണ്, രാജ്യത്ത് ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്ന തുറൈഫ്. കഴിഞ്ഞ ദിവസം ഇവിടെ താപനില മൈനസ് 2 ഡിഗ്രിയിലേക്ക് താഴ്ന്നിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa