Monday, February 24, 2025
Saudi ArabiaTop Stories

സൗദിയിൽ മഴ തുടരുന്നു; മദീനയിൽ റെഡ് അലർട്ട്, ഖുറയ്യാത്തിൽ താപനില വീണ്ടും പൂജ്യം ഡിഗ്രിയിലേക്ക് താഴ്ന്നു

ദേശീയ കാലാവസ്ഥാ കേന്ദ്രം കഴിഞ്ഞ ദിവസം പ്രവചിച്ചത് പോലെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടർന്നു കൊണ്ടിരിക്കുകയാണ്.

മദീന മേഖലയിൽ ഇന്ന് രാത്രി 9:00 മണി വരെ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ കാലാവസ്ഥാ കേന്ദ്രം റെഡ് അലേർട്ട് മുന്നറിയിപ്പ് നൽകി.

അൽ-ഹനകിയ, അൽ-മഹദ് എന്നിവയുൾപ്പെടെയുള്ള പ്രദേശങ്ങളിൽ മേഖലയിൽ പേമാരിയും, ഇടിമിന്നലും, ശക്തമായ കാറ്റും ആലിപ്പഴവർഷവും ഉണ്ടാകുമെന്ന് കേന്ദ്രം വിശദീകരിച്ചു.

മക്ക മേഖലയിലെ വിവിധ പ്രദേശങ്ങളിലും, മിതമായ തോതിലോ ശക്തമായ തോതിലോ ഉള്ള മഴക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകൾ പറയുന്നു.

പെട്ടെന്നുള്ള വെള്ളപ്പൊക്കം, ആലിപ്പഴം, ഇടിമിന്നൽ എന്നിവയ്ക്കും സാധ്യതയുണ്ട്. തിരശ്ചീന ദൃശ്യപരത ഏതാണ്ട് പൂജ്യമായേക്കാവുന്ന സജീവ കാറ്റിനും ഇത് കാരണമാകും.

റിയാദ് മേഖലയിലും, അൽ-ജൗഫ്, വടക്കൻ അതിർത്തി മേഖല, ഖസീം, ഹായിൽ, കിഴക്കൻ മേഖല എന്നിവിടങ്ങളിലും നേരിയ മഴ തുടരും. നജ്‌റാനിൽ പൊടിക്കാറ്റിനും സാധ്യതയുണ്ട്.

ജിസാൻ, അസീർ, അൽ-ബഹ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ മിതമായതോ ആയ മഴ ലഭിക്കും, ചില സ്ഥലങ്ങളിൽ മൂടൽ മഞ്ഞും അനുഭവപ്പെടും.

അതെ സമയം വടക്കൻ അതിർത്തിപ്രദേശങ്ങളിൽ ശക്തമായ തണുപ്പ് അനുഭവപ്പെട്ടു. അൽ-ഖുറയ്യാത്തിൽ ഇന്ന് രാവിലെ കുറഞ്ഞ താപനില പൂജ്യം ഡിഗ്രി സെൽഷ്യസിലേക്ക് താഴ്ന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa