Saturday, February 22, 2025
Saudi ArabiaTop Stories

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹായിലിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു; സൗദിയിലെ പത്ത് മേഖലകളിൽ ഇന്നും കാലാവസ്ഥാ മുന്നറിയിപ്പ്

ശക്തമായ മഴയും, ഇടിമിന്നലും, ആലിപ്പഴവർഷവുമടക്കം സൗദി അറേബ്യയുടെ മിക്ക ഭാഗങ്ങളും ശക്തമായ കാലാവസ്ഥാ വ്യതിയാനത്തിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്.

കനത്ത മൂടൽമഞ്ഞിനെ തുടർന്ന് ഹായിൽ നഗരത്തിലും മേഖലയിലെ വിവിധ ഗവർണറേറ്റുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഹായിൽ നഗരത്തിന് പുറമെ, അൽ-ഹൈത്ത്, അൽ-സുലൈമി, അൽ-ഷംലി, അൽ-ഗസാല, മുവാഖ്, അൽ-ഷന്നാൻ, ബുക്കാ, സമീറ എന്നീ ഗവർണറേറ്റുകളെയും മൂടൽ മഞ്ഞ് ബാധിക്കും.

സൗദിലെ 10 മേഖലകളിൽ ഇന്നും മഴയും, ആലിപ്പഴവർഷവും, ഇടിമിന്നലും, ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

റിയാദിലെ വിവിധ പ്രദേശങ്ങളിൽ കനത്ത മഴയും ശക്തമായ കാറ്റും കാരണം ദൃശ്യപരത കുറയാനും, ആലിപ്പഴം വീഴാനും, വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. ഉച്ചയ്ക്ക് 12 മണി മുതൽ രാത്രി 11മണി വരെ ജാഗ്രതാ നിർദ്ദേശം തുടരും.

മക്ക മേഖലയിലും, കിഴക്കൻ പ്രവിശ്യയിലും, അൽബാഹയിലും ശക്തമായ മഴയും, കാറ്റും, ഇടിമിന്നലും ഇന്നും തുടരും. മൂന്ന് മേഖലയിലെയും വിവിധ പ്രദേശങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

നജ്‌റാൻ, അൽജൗഫ്, അസീർ മേഖലകളിൽ മിതമായ തോതിലുള്ള മഴയും ശക്തമായ കാറ്റും അനുഭവപ്പെടും. ഈ മേഖലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ജിസാൻ, അൽഖസീം, മദീന എന്നീ മേഖലകളിൽ നേരിയ തോതിൽ മഴ പെയ്യും, ഇവിടെ ശക്തമായ കാറ്റിനും, ജിസാൻ മേഖലയിൽ ഉയർന്ന തിരമാലക്കും സാധ്യതയുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa