“ബർദ് അൽഅജൂസ്” സൗദിയിൽ ആഞ്ഞടിക്കുന്നു; നാളെ റിയാദിലെത്തും, കൊടും തണുപ്പിൽ മരവിച്ച് വിവിധ പ്രദേശങ്ങൾ
“ബർദ് അൽ-അജൂസ്” എന്നറിയപ്പെടുന്ന ശക്തമായ ശൈത്യ തരംഗം ഇന്നലെ മുതൽ സൗദിയിൽ ആഞ്ഞടിച്ചു തുടങ്ങിയെന്ന് കാലാവസ്ഥാ നിരീക്ഷകൻ പ്രൊഫസർ ഡോ. അബ്ദുള്ള അൽ-മസ്‌നദ് വ്യക്തമാക്കി.
ഇന്നലെ വടക്കൻ സൗദിയിലെത്തിയ തരംഗം ക്രമേണ തെക്ക്, കിഴക്ക്, പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങുമെന്നും ഞായറാഴ്ച റിയാദിൽ എത്തുമെന്നും പ്രതീക്ഷിക്കുന്നു.
വടക്കൻ മേഖലയിലെയും, അൽജൗഫ് മേഖലയിലെയും വിവിധ പ്രദേശങ്ങളിൽ താപനില പൂജ്യത്തിനും താഴെയെത്തി. തബൂക്, ഹായിൽ, അൽഖസീം മേഖലകളും തണുത്ത് വിറക്കുകയാണ്. റിയാദ് മേഖലയിലും, കിഴക്കൻ മേഖലയിലും താപനില 10 ഡിഗ്രിക്ക് താഴെയെത്തും.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ വീണ്ടും വടക്കൻ പ്രദേശങ്ങളിലും, ചൊവ്വ, ബുധൻ ദിവസങ്ങളിൽ മധ്യ മേഖലയിലും, ചൊവ്വാഴ്ച മദീനയിലും, ബുധനാഴ്ച കിഴക്കൻ മേഖലയിലും നജ്‌റാനിലും തണുപ്പ് അതിന്റെ കൊടുമുടിയിലെത്തുമെന്ന് അൽ-മസ്‌നദ് വിശദീകരിച്ചു.
മക്ക, ജിദ്ദ, ജിസാൻ ഉൾപ്പെടുന്ന തെക്കുപടിഞ്ഞാറൻ ഭാഗത്ത് ഇതിന്റെ തീവ്രത കുറവായിരിക്കുമെന്ന് അൽ-മസ്നദ് സൂചിപ്പിച്ചു.
തണുപ്പിനെ തടയുന്ന പ്രകൃതിദത്ത തടസ്സമായി പ്രവർത്തിക്കുന്ന സരാവത്ത് പർവതനിരകളുടെ സാന്നിധ്യവും, അതിനടുത്തുള്ള പ്രദേശങ്ങളെ ചൂടാക്കാൻ സഹായിക്കുന്ന ചെങ്കടലിന്റെ സ്വാധീനവും ഇതിന് കാരണമായി അദ്ദേഹം പറഞ്ഞു.
വിശുദ്ധ റമദാൻ മാസം അടുക്കുന്തോറും താപനില ക്രമേണ മെച്ചപ്പെടുമെന്ന് അൽ-മസ്നദ് കൂട്ടിച്ചേർത്തു, എന്നാൽ വടക്കൻ പ്രദേശങ്ങളിൽ തുടർച്ചയായി അഞ്ച് ദിവസം പൂജ്യത്തിന് താഴെയുള്ള താപനില രേഖപ്പെടുത്താനുള്ള സാധ്യതയെക്കുറിച്ച് അദ്ദേഹം മുന്നറിയിപ്പ് നൽകി.
തിങ്കളാഴ്ചയും ചൊവ്വാഴ്ചയും പുലർച്ചെ രാജ്യത്തിന്റെ വടക്കൻ ഭാഗത്ത് ശക്തമായി മഞ്ഞുവീഴാനുള്ള സാധ്യതയുണ്ടെന്ന് അൽ-മസ്നദ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa