Sunday, February 23, 2025
Saudi ArabiaTop Stories

ഓരോ സൗദി പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40-നെക്കുറിച്ച് വിശദമായി അറിയാം

സൗദിയിലെ ഓരോ പ്രവാസിയും നിർബന്ധമായും അറിഞ്ഞിരിക്കേണ്ട വകുപ്പുകളാണ് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40 ൽ നാല് പാരഗ്രാഫുകളിലായി നിർവ്വചിച്ചിട്ടുള്ളത്. പല പ്രവാസി സുഹൃത്തുക്കളും അറേബ്യൻ മലയാളിയോട് ആവശ്യപ്പെട്ടത് പ്രകാരം നാല് പാരഗ്രാഫുകളിലെ പരാമർശങ്ങൾ താഴെ വിവരിക്കുന്നു.

ആർട്ടിക്കിളിലെ ഒന്നാമത്തെ പാരഗ്രാഫ് ഇങ്ങനെ വായിക്കാം: സൗദി ഇതര തൊഴിലാളിയെ റിക്രൂട്ട് ചെയ്യുന്നതിനുള്ള ഫീസ്, ഇഖാമ, ലേബർ ഫീ, വർക്ക് പെർമിറ്റ് പുതുക്കൽ, കാലതാമസം വരുത്തുന്നത് മൂലമുള്ള പിഴകൾ, പ്രൊഫഷൻ മാറ്റുന്നതിനുള്ള ഫീസ്, റി എൻട്രി ഫീസ് എന്നിവ തൊഴിലുടമ വഹിക്കണം. അതോടൊപ്പം തൊഴിൽ കരാർ അവസാനിപ്പിച്ചതിന് ശേഷം തൊഴിലാളിയെ അവന്റെ നാട്ടിലേക്ക് തിരികെ അയക്കാനുള്ള ടിക്കറ്റും തൊഴിലുടമയാണ് വഹിക്കേണ്ടത്.

രണ്ടാമത്തെ പാരഗ്രാഫിന്റെ ഉള്ളടക്കം ഇങ്ങനെ വായിക്കാം: തൊഴിലാളി ജോലിക്ക് യോഗ്യനല്ലെങ്കിൽ അല്ലെങ്കിൽ നിയമാനുസൃതമായ കാരണമില്ലാതെ തിരികെ പോകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അയാൾ തന്നെ തന്റെ രാജ്യത്തേക്ക് മടങ്ങുന്നതിനുള്ള ചെലവ് വഹിക്കണം.

മൂന്നാമത്തെ പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു: തന്റെ കീഴിലേക്ക് സ്പോൺസർഷിപ്പ് മാറാൻ ആഗ്രഹിക്കുന്ന തൊഴിലാളിയുടെ സ്പോൺസർഷിപ്പ് മാറ്റുന്നതിനുള്ള ഫീസ് തൊഴിലുടമ വഹിക്കണം.

നാലാമത്തെ പാരഗ്രാഫിൽ ഇങ്ങനെ പറയുന്നു: മരിച്ച തൊഴിലാളിയെ സൗദിയിൽ മറവ് ചെയ്യാൻ അയാളുടെ കുടുംബം ആഗ്രഹിക്കുന്നില്ലെങ്കിൽ മയ്യിത്ത് ഒരുക്കുന്നതിനും നാട്ടിലേക്ക് അയക്കുന്നതിനുമുള്ള ചെലവുകൾ സ്പോൺസർ വഹിക്കണം. എന്നാൽ ഇൻഷൂറൻസ് കമ്പനി ഈ തുക വഹിക്കുമെങ്കിൽ തൊഴിലുടമ പണം നൽകേണ്ടതില്ല.

ഇത്രയുമാണ് സൗദി തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 40-ലെ നിർവ്വചനങ്ങൾ. പല പ്രവാസികളും തൊഴിലുടമ നൽകേണ്ട പല ഫീസുകളും സ്വന്തം പോക്കറ്റിൽ നിന്ന് നൽകുന്ന പ്രവണതയുണ്ട്. എന്നാൽ നിയമത്തെക്കുറിച്ചുള്ള അവബോധം വലിയ നഷ്ടങ്ങൾ ഇല്ലാതാക്കാൻ പ്രവാസികൾക്ക് സഹായകരമായേക്കും.



അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്