Thursday, April 17, 2025
Saudi ArabiaTop Stories

പാസ്പോർട്ട് നഷ്ടപ്പെട്ട പ്രവാസി റിയാദ് എയർപോർട്ടിൽ കുടുങ്ങിയത് രണ്ട് ദിവസം

റിയാദ്: യാത്രക്കിടയിൽ പാസ്പോർട്ട് നഷ്ടപ്പെട്ട ജായ്പൂർ സ്വദേശി റിയാദ് എയർപ്പോർട്ടിൽ കുടുങ്ങിയത് രണ്ടു ദിവസം. റിയാദിൽ ബിസിനസുകാരനായ ജയ്പൂർ സ്വദേശി ഫഹീം അക്തർ ഒടുവിൽ സാമൂഹിക പ്രവർത്തകരുടെ ഇടപെടലിലാണ് രക്ഷപ്പെട്ടത്.

തന്റെ അസർബൈജാൻ യാത്ര കഴിഞ്ഞ് റിയാദ് എയർപോർട്ടിൽ തിരിച്ചെത്തി എമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കാനായി പോക്കറ്റിൽ പാസ്പോര്‍ട്ട് നോക്കിയപ്പോഴാണ് ഫഹീം പാസ്പോർട്ട് നഷ്ടപ്പെട്ടതായി അറിയുന്നത്. 

അസർബൈജാനിലെ ബാക്കു വിമാനത്താവളത്തിൽ നിന്ന് നടപടികളെല്ലാം പൂർത്തിയാക്കി വിമാനത്തിൽ കയറുമ്പോൾ ജാക്കറ്റിൽ ഭദ്രമായി വെച്ച പസ്പോർട്ട് പിന്നീട് എവിടെ വെച്ച് നഷ്ടമായി എന്ന് ഒരു സൂചനയും ലഭിച്ചില്ല.. വിമാനത്തിലും മറ്റുമെല്ലാം അന്വേഷിച്ചെങ്കിലും പാസ്പോർട്ട് കണ്ടെത്താനായില്ല.

പാസ്പോർട്ടില്ലാതെ ഫഹീമിനെ റിയാദിൽ  ഇറക്കാനോ അല്ലെങ്കിൽ അസർബൈജാനിലെക്കോ ഇന്ത്യയിലേക്കോ തിരിച്ചയക്കാനോ കഴിയാതെ റിയാദ് ജവാസാത്ത്  വിഭാഗവും പ്രതിസന്ധിയിലായി.

തുടർന്ന് പ്രതിസന്ധി മറികടക്കാൻ എയർപോർട്ടിലെ പാസ്പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ മലയാളി സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിനെ ബന്ധപ്പെടുകയും വിഷയം ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽപ്പെടുത്തിയ ശിഹാബ് ഉടൻ എയർപോർട്ടിലെത്തുകയും ഫഹീമുമായി സംസാരിക്കുകയും ചെയ്തു. ശേഷം എമർജൻസി പാസ്പോർട്ടിന് അപേക്ഷിക്കാനുള്ള രേഖകൾ തയ്യാറാക്കി. ഫഹീമിന്റെ കുടുംബം റിയാദിലാണുള്ളതെന്നതിനാൽ റിയാദിൽ തന്നെ ഇറങ്ങേണ്ടതുണ്ടായിരുന്നു.

എംബസിയുടെ നിർദേശപ്രകാരം പുതിയ പാസ്പോർട്ടിന് അപേക്ഷിച്ചു. ഇതിനിടയിൽ ഫഹീമിെൻറ സ്പോൺസറുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകളെല്ലാം ശിഹാബ് തയ്യാറാക്കിയിരുന്നു. പരമാവധി വേഗത്തിൽ എംബസി നടപടിക്രമങ്ങൾ പൂർത്തിയാക്കി പാസ്പ്പോർട്ട് ഇഷ്യൂ ചെയ്തു. വിസ പാസ്പോർട്ടിൽ എൻഡോഴ്സ് ചെയ്യാനുള്ള നടപടികളിൽ സൗദി ജവാസാത്ത് വിഭാഗവും സഹായം ചെയ്തു. തുടർന്ന്  രണ്ട് ദിവസത്തെ ടെർമിനൽ ജീവിതത്തിനൊടുവിൽ പുറത്തിറങ്ങിയ ഫഹീം അക്തർ റിയാദിലെ കുടുംബത്തിനൊപ്പം ചേരുകയും ചെയ്തു.

മണിക്കൂറുകളോളം രാജ്യം നഷ്ടപ്പെട്ട അനുഭവമാണുണ്ടായതെന്നും രക്ഷക്കെത്തിയ ശിഹാബിനോട് തീരാത്ത നന്ദിയുണ്ടെന്നും ഫഹീം പറഞ്ഞു. അശ്രദ്ധമൂലം പാസ്പോര്‍ട്ട് നഷ്ടപ്പെട്ട് എയർപോർട്ടിൽ കുടുങ്ങുന്ന കേസ് ഇതാദ്യമല്ലെന്നും യാത്രക്കാർ ഇക്കാര്യത്തിൽ അതീവ ശ്രദ്ധ പുലർത്തണമെന്നും ശിഹാബ് കൊട്ടുകാട് ഓർമ്മിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്