സൗദിയിലെ പ്രശസ്ത കമ്പനികളിലേക്ക് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; നിരവധി മലയാളികൾ കുടുങ്ങി
റിയാദ്: സൗദിയിലെ പ്രശസ്ത കമ്പനികളിലേക്കെന്ന് പറഞ്ഞുള്ള പരസ്യങ്ങളിൽ ആകർഷിതരായി റിയാദിലെത്തിയ 50-ഓളം മലയാളികൾ കഴിഞ്ഞ രണ്ട് മാസമായി ജോലിയോ ശമ്പളമോ കിടക്കാനിടമോ ഇല്ലാതെ ദുരിതക്കയത്തിൽ.
റിയാദിലെ ഒരു പ്രമുഖ കമ്പനിയിലേക്ക് ഡ്രൈവർ കം സെയിൽസ്മാൻ എന്ന തസ്തികയിലേക്കാണ് കോഴിക്കോടും കൊച്ചിയിലുമുള്ള ഏജൻസികൾ ഇന്റർവ്യൂ നടത്തി ഇവരെ തിരഞ്ഞെടുത്തത്.
ഇന്റർവ്യു കഴിഞ്ഞ് വിസ സ്റ്റാംബിംഗിനും മെഡിക്കൽ ചെക്കപ്പിനും മറ്റുമായി 20,000 രൂപ ഓരോരുത്തരിൽനിന്നും ഏജൻസി ഈടാക്കുകയും വിസ സ്റ്റാമ്പിങ് കഴിഞ്ഞ് പാസ്പോർട്ട് ലഭിക്കുകയും ചെയ്തു.
തുടർന്ന് ടിക്കറ്റ് വാങ്ങാൻ ഏജൻസി ആവശ്യപ്പെട്ട ബാക്കി തുകയുമായി ചെന്നപ്പോഴാണ് ഇന്റർവ്യൂ നടത്തിയപ്പോൾ പറഞ്ഞ കമ്പനിയുടെ തൊഴിൽ കരാർ ആയിരുന്നില്ല ഒപ്പിടാനുള്ളതെന്നും മറ്റൊരു കമ്പനിയുടെ കരാറായിരുന്നുവെന്നും മനസ്സിലായത്. ഇത് ചോദ്യം ചെയ്തപ്പോൾ ഇതും നല്ല കമ്പനിയാണെന്ന് വിശ്വസിപ്പിച്ച് ഒപ്പിടാൻ ഇവരെ നിർബന്ധിക്കുകയായിരുന്നു. ഇത് ഒരു മാൻ പവർ കമ്പനിയുടെ കരാർ ആയിരുന്നു.
റിയാദിൽ വന്നിറങ്ങിയ തൊഴിലാളികളെ എയർപോർട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ മണിക്കൂറുകളോളം കാത്തിരുന്നശേഷമാണ് കമ്പനിയിൽ നിന്ന് വാഹനമെത്തിയത്. കമ്പനി ഓഫിസിലെത്തിയ ഇവരെ ഒരു ദിവസം മുഴുവനായും അവിടെ വരാന്തയിലിരുത്തി രണ്ടാം ദിവസമാണ് കമ്പനിയുടെ താമസസ്ഥലത്തെത്തിച്ചത്. അവിടെയെത്തിയപ്പോഴായിരുന്നു മുമ്പ് വന്ന പലയാളുകളും ജോലിയില്ലാതെയും ശമ്പളമില്ലാതെ ഭക്ഷണത്തിനുപോലും പണമില്ലാതെയും അവിടെ ദുരിതത്തിലായി കഴിയുന്നതായും ഇവർക്ക് മനസ്സിലായത്.
കഴിഞ്ഞ രണ്ട് മാസത്തിനിടെ നാല് തവണ ഇവരുടെ താമസസ്ഥലങ്ങള് മാറ്റി. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻപോലും സൗകര്യമില്ലാത്ത സ്ഥലത്താണ് ഇപ്പോൾ എത്തിപ്പെട്ടിട്ടുള്ളത്. ജോലിയില്ലാത്തത് മാനസികമായി വളരെയധികം തളർത്തിയ ഇവരുടെ കയ്യിൽ രണ്ട് മാസമായി ശമ്പളമില്ലാത്തത് കാരണം ഒരു റിയാൽ പോലുമില്ല എന്നതാണ് വസ്തുത. നാട്ടിലെ കുടുംബവുമായും ബന്ധപ്പെടാനാവുന്നുമില്ല.
നാട്ടിൽനിന്ന് ഒപ്പുവെച്ച കരാറിലുണ്ടായിരുന്ന വാഗ്ദാനങ്ങൾ ഒന്നും കമ്പനിപാലിച്ചിട്ടില്ല. തങ്ങളെ നാട്ടിലേക്ക് തിരിച്ചയക്കുകയോ സ്പോൺസർഷിപ് മാറാൻ അനുവദിക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ടപ്പോൾ ഭീഷണിയായിരുന്നുവത്രേ ലഭിച്ച മറുപടി. സ്വന്തം കാരണത്താൽ ജോലിയുപേക്ഷിച്ച് മടങ്ങുകയാണെങ്കിൽ കമ്പനി ആവശ്യപ്പെടുന്ന നഷ്ടപരിഹാരം നൽകുമെന്ന് സമ്മതിക്കുന്ന വീഡിയോ ഏജന്റ് തന്ത്രപൂർവം റെക്കോർഡ് ചെയ്ത് കൈവശം വെക്കുകയും ചെയ്തിട്ടുണ്ടത്രെ.
കടം വാങ്ങിയും പണയപ്പെടുത്തിയും മറ്റുമാണ് പലരും വിസക്ക് പണം കണ്ടെത്തിയിരുന്നത്. ഇപ്പോൾ റിയാദിലെ സാമൂഹിക പ്രവർത്തകർ വഴി ഇന്ത്യൻ എംബസിയിൽ പരാതി നൽകി കാത്തിരിക്കുകയാണ് ഇവർ.
ഇത്തരം ചതികളിൽ ചെന്ന് പെടാതിരിക്കാൻ ഏജൻസികൾ പറയുന്ന കാര്യങ്ങൾ ശരിയാണോയെന്ന് വിലയിരുത്തണമെന്നും കരാറിൽ പറയുന്ന കമ്പനികളെക്കുറിച്ചും മറ്റും അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നും സാമൂഹിക പ്രവർത്തകർ ഓർമ്മപ്പെടുത്തുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa