Saturday, April 5, 2025
Saudi ArabiaTop Stories

നോമ്പുകാലത്തെ തിരിച്ചുപോക്ക്

✍️ഫൈസൽ മാലിക് എ.ആർ നഗർ
മാർച്ച് 3 തിങ്കളാഴ്ച രണ്ടാം നോമ്പിനായിരുന്നു നാല് മാസത്തെ ലീവ് കഴിഞ്ഞ് വീണ്ടും സൗദിയിലേക്ക് തിരിച്ച് പോരുന്നത്. രാത്രി 9 മണിക്കാണ് ഫ്ലൈറ്റ്. ആറുമണിക്ക് എയർപോർട്ടിലെത്തണം. മഗ്‌രിബ് ബാങ്കാണെങ്കിൽ 6:40 നും. ഒരു നോമ്പ് മാത്രമാണ് നാട്ടിൽ കിട്ടിയത്. നോമ്പ് തുറക്കാനടുത്ത സമയം വീട്ടിൽ നിന്ന് ഇറങ്ങുന്നതിനെ കുറിച്ചായിരുന്നു എല്ലാവർക്കും വിഷമം. ഇനി ഏതുകാലത്താണ് നാട്ടിലൊരു നോമ്പ് കിട്ടുക. ഷാഹുലിനെ വിളിച്ചന്വേഷിച്ചു വല്ലതും ചെയ്യാൻ കഴിയുമോ. ഇന്ന് ഞായറല്ലേ നാളെ ട്രാവൽസിലേക്ക് വാ എന്തെങ്കിലും വഴിയുണ്ടാക്കാം. രാവിലെ കക്കാടംപുറം സൗത്ത് ഇന്ത്യ ട്രാവൽസിൽ പോയി. online ൽ ബോർഡിങ് പാസിൻ്റെ കോപ്പിയെടുത്ത് ഷാഹുൽ പറഞ്ഞു. ഏഴര ആകുമ്പോഴേക്കും എയർപോർട്ടിൽ എത്തിയാൽ മതി. നോമ്പ് തുറന്നയുടനെ വീട്ടിൽ നിന്ന് ഇറങ്ങിക്കൊ.

ഷാഹുൽ തന്ന ധൈര്യത്തിൽ പോരാനുള്ള ഒരുക്കങ്ങൾ ഒന്നുകൂടി അപ്ഡേറ്റ് ചെയ്തു. പോക്ക് പ്രമാണിച്ച് പെങ്ങന്മാരും വന്നിട്ടുണ്ട്. മഗ്‌രിബ് ബാങ്ക് കൊടുക്കുന്നതിന് മുമ്പുതന്നെ ലഗേജുകളൊക്കെ റെഡിയാക്കി കാറിൽ കയറ്റിവെച്ചു. നാല് മാസമായി വിശ്രമത്തിലായിരുന്ന കാൽസറായിയും കാലുറയും വലിച്ച് കേറ്റി ഒരുങ്ങിയിരുന്നു. സമയം ആറുമണി. മനസ്സ് മുഴുവൻ എയർപോർട്ടിലാണ്. ആളുകൾ ട്രോളിയുന്തി ഡിപ്പാർച്ചൽ ടെർമിനലിലേക്ക് പ്രവേശിക്കുന്നതും ബോർഡിങ് പാസ്സിന് വരി നിൽക്കുന്നതുമൊക്കെ കാണുന്നു. ഞാനാണെങ്കിൽ വീട്ടിൽ തീന്മേശക്ക് മുന്നിൽ നോമ്പുതുറക്കാൻ ഇരിക്കുകയാണ്.

കൃത്യം 6.40, പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചു. ഉടനെ ഒരു ഈത്തപ്പഴമെടുത്ത് വായിൽ വെച്ചു. പിന്നെ ഒരു ഗ്ലാസ് വെള്ളവും. രണ്ടുമൂന്ന് കഷ്ണം ഫ്രൂട്സ് തിന്ന് ജ്യൂസും തരിക്കഞ്ഞിയും കുടിച്ചെന്ന് വരുത്തി. കഴിച്ചതൊക്കെ  തൊണ്ടയിൽ കുരുങ്ങി കിടക്കുന്നത് പോലെ….
നമസ്കാരവും കഴിച്ച് യാത്ര പറഞ്ഞിറങ്ങി. തറവാട്ടിൽ പോയി ഉമ്മാനെ കണ്ടു. ഉമ്മ അണച്ചുകൂട്ടി ഉമ്മകൾ കൊണ്ട് മൂടി. അതുവരെ പിടിച്ചുനിന്ന മനസ്സ് കൈവിട്ടുപോയത് അപ്പോഴാണ്. നോമ്പല്ലായിരുന്നെങ്കിൽ എല്ലാവരും വീട്ടിൽ ഉണ്ടാകുമായിരുന്നു. ഒന്നുകൂടി തിരിഞ്ഞുനോക്കി വണ്ടിയിൽ കയറി. ഉപ്പയും ജ്യേഷ്ഠനും മക്കളും കൂടി എയർപോർട്ടിലേക്ക്. ട്രാഫിക് ജാം ഉണ്ടാവരുതേ എന്നായിരുന്നു പ്രാർത്ഥന. നോമ്പ് തുറക്കുന്ന സമയമായതുകൊണ്ട് റോഡ്  വിജനമായിരുന്നു.

20 മിനിറ്റിനുള്ളിൽ എയർപോർട്ടിലെത്തി. കാറിൽ നിന്ന് പുറത്തിറങ്ങി എല്ലാവരോടും ഒന്നുകൂടി യാത്ര പറഞ്ഞ് കൈ കൊടുത്ത് ലഗേജ് ട്രോളിയിലേക്കെടുത്ത് വെച്ച് അകത്തേക്ക് നടന്നു. വാതിൽക്കൽ നിൽക്കുന്ന  സിആർപിഎഫുകാരൻ പാസ്പോർട്ടും ടിക്കറ്റും തിരിച്ചുംമറിച്ചും നോക്കുന്നതല്ലാതെ ഉള്ളിലേക്ക് വിടുന്നില്ല. സെക്കൻ്റുകൾ പോലും നിർണ്ണായകമായ ഈ സമയത്തെ എൻ്റെ ആധി അയാൾക്കറിയില്ലല്ലോ. കൗണ്ടർ കാലിയായത് കൊണ്ട് വരി നിൽക്കേണ്ടി വന്നില്ല. വൈകാതെ ചെക്ക് ഇൻ പൂർത്തിയാക്കി സ്വസ്ഥമായി ഒരിടത്ത് ചെന്നിരുന്നു. എല്ലാവരും നോമ്പുതുറക്കു ശേഷമുള്ള നല്ല തട്ടലിലാണ്.  ഇറച്ചിയും പത്തിരിയും ബിരിയാണിയും മന്തിയൊക്കെയുണ്ട്.  കൂടുതലും ഉംറക്കാരാണെന്ന് തോന്നുന്നു. ഞാനും ബാഗേജ് തുറന്ന് നല്ലപാതി തന്ന് വിട്ട സ്വാദിഷ്ടമായ ഉറച്ചിയും പത്തിരിയും കഴിച്ച് കത്തലടക്കി. പറഞ്ഞതിലും അരമണിക്കൂർ വൈകി ഒമാൻ എയർ വാനിലേക്കുയരുമ്പോൾ രണ്ടെങ്കിലും രണ്ടുനോമ്പ് നാട്ടിൽ കിട്ടിയല്ലൊ എന്ന ആശ്വാസത്തിൽ ഞാൻ മെല്ലെ കണ്ണുകൾ ചിമ്മി മയക്കത്തിലേക്ക് ചാഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്