Tuesday, April 22, 2025
KeralaTop Stories

കോട്ടയത്ത് ഓഡിറ്റോറിയം ഉടമയും ഭാര്യയും വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; രക്തംവാർന്ന് മൃതദേഹങ്ങൾ

കോട്ടയം തിരുവാതുക്കലിൽ ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറിനെയും ഭാര്യ മീരയെയും വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. തിരുവാതുക്കൽ എരുത്തിക്കൽ അമ്പലത്തിന് സമീപത്തെ വീട്ടിലാണ് ദാരുണമായ സംഭവം അരങ്ങേറിയത്. ചൊവ്വാഴ്ച രാവിലെയാണ് ഇരട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞത്.

രാവിലെ 8.15 ഓടെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും രക്തം വാർന്ന നിലയിൽ മരിച്ചുകിടക്കുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ അവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. പ്രാഥമിക പരിശോധനയിൽ തന്നെ ഇത് കൊലപാതകമാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

പോലീസ് നടത്തിയ പരിശോധനയിൽ ദമ്പതികളുടെ മൃതദേഹങ്ങൾ വീടിന്റെ രണ്ടു മുറികളിലായാണ് കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ലെന്നും മുഖത്ത് ആയുധം ഉപയോഗിച്ചുള്ള മുറിവുകളുണ്ടെന്നും പോലീസ് അറിയിച്ചു. കൊലപാതകത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങൾ വീടിനുള്ളിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. വിജയകുമാറിൻ്റെ തലയ്ക്ക് അടിയേറ്റ പാടുകളുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നിൽ വ്യക്തിപരമായ വൈരാഗ്യമാണെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചു വരികയാണ്.

അതിനിടെ, കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിൻ്റെ സംശയമുന നീളുന്നത് വീട്ടിൽ നേരത്തെ ജോലി ചെയ്തിരുന്ന ഒരു ഇതര സംസ്ഥാന തൊഴിലാളിയിലേക്കാണ്. സ്വഭാവദൂഷ്യത്തെ തുടർന്ന് ഇയാളെ അടുത്തിടെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടിരുന്നു. മോഷണക്കുറ്റത്തിന് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നതായും വിവരങ്ങളുണ്ട്. ഇയാളെ കണ്ടെത്താനുള്ള തിരച്ചിൽ പോലീസ് ആരംഭിച്ചിട്ടുണ്ട്.

സംഭവസമയം വീട്ടിൽ ഒരു സുരക്ഷാ ജീവനക്കാരൻ ഉണ്ടായിരുന്നെങ്കിലും പ്രായാധിക്യവും കേൾവി പരിമിതിയുമുള്ളതിനാൽ അദ്ദേഹം സംഭവം അറിഞ്ഞത് നാട്ടുകാർക്കൊപ്പമാണ് എന്ന് പോലീസ് പറഞ്ഞു. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്തു വരികയാണ്.

വർഷങ്ങൾക്ക് മുമ്പ് വിജയകുമാറിൻ്റെയും മീരയുടെയും മകനെയും ദുരൂഹ സാഹചര്യത്തിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഈ ദുരന്തത്തിന് പിന്നാലെ ഇപ്പോൾ ദമ്പതിമാരും കൊല്ലപ്പെട്ടത് നാട്ടുകാർക്കിടയിൽ വലിയ ദുഃഖത്തിനും ഞെട്ടലിനും ഇടയാക്കിയിട്ടുണ്ട്.

പോലീസ് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും നാട്ടുകാരിൽ നിന്നും ബന്ധുക്കളിൽ നിന്നും വിവരങ്ങൾ ശേഖരിക്കുകയും ചെയ്യുന്നുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി മേൽനോട്ടം വഹിക്കുന്നുണ്ട്. ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിക്കുകയാണ്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa