സൗദിയിൽ ഇന്ത്യൻ പാസ്പോർട്ട് വിസ സേവനങ്ങൾക്ക് ഇനി പുതിയ കമ്പനി; വിഎഫ്എസിന് കരാർ നഷ്ടമായി
റിയാദ്: സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെയും, ജിദ്ദ കോൺസുലേത്തിന്റെയും കീഴിലുള്ള പാസ്‌പോർട്ട്, വിസ തുടങ്ങിയ CPV സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് കരാർ പുതിയ കമ്പനിക്ക് ലഭിച്ചു.
ഇതുവരെ ഈ സേവനങ്ങൾ നടത്തിയിരുന്ന വിഎഫ്എസ് കമ്പനിക്ക് കരാർ നഷ്ടമായി. ദീർഘകാലമായി വിഎഫ്എസ് ആയിരുന്നു സൗദിയിൽ പാസ്സ്‌പോർട്ട് വിസ സേവനങ്ങൾ നൽകിയിരുന്നത്.
പുതിയ ടെൻഡർ നടപടികൾ പൂർത്തിയായപ്പോൾ, അലങ്കിത് അസൈൻമെൻ്റ്‌സ് ലിമിറ്റഡ് ആണ് ഏറ്റവും കുറഞ്ഞ ബിഡ് സമർപ്പിച്ച് കരാർ സ്വന്തമാക്കിയത്.
ഇതോടെ, സൗദി അറേബ്യയിലെ ഇന്ത്യൻ പൗരന്മാർക്കുള്ള പാസ്‌പോർട്ട് പുതുക്കൽ, പുതിയ പാസ്‌പോർട്ട് അപേക്ഷ, വിസ സേവനങ്ങൾ തുടങ്ങിയവ ഇനി അലങ്കിത് അസൈൻമെൻ്റ്‌സ് ലിമിറ്റഡ് മുഖേനയായിരിക്കും ലഭ്യമാകുക.
വിഎഫ്എസ് ദീർഘകാലമായി സൗദി അറേബ്യയിലെ ഇന്ത്യൻ എംബസിയുടെ പാസ്‌പോർട്ട്, വിസ സേവനങ്ങളുടെ ഔട്ട്‌സോഴ്‌സിംഗ് പങ്കാളിയായിരുന്നു. എന്നാൽ പുതിയ ടെൻഡർ നടപടികളോടെ ഈ കരാർ അവസാനിച്ചിരിക്കുകയാണ്.
ജൂൺ 30 വരെ വി എഫ് എസ് സേവനങ്ങൾ ലഭ്യമാകുമെന്നാണ് അറിയുന്നത്. പുതിയ സേവനദാതാക്കൾ എപ്പോൾ മുതൽ പ്രവർത്തനം ആരംഭിക്കും എന്നതുൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ഇന്ത്യൻ എംബസി ഉടൻ തന്നെ ഔദ്യോഗികമായി അറിയിക്കും.
വിഎഫ് വേൾഡ്‌വൈഡ് ഹോൾഡിംഗ്‌സ് ലിമിറ്റഡ് അടക്കം സാങ്കേതിക ബിഡ് ഘട്ടത്തിൽ യോഗ്യത നേടിയ മറ്റ് പ്രമുഖ കമ്പനികളെ പിന്തള്ളിയാണ് അലങ്കിത് അസൈന്മെന്റ്സ് കരാർ നേടിയത്.
2025 ഏപ്രിൽ 26-ന് നടന്ന സാമ്പത്തിക ബിഡുകളുടെ ഫലപ്രഖ്യാപനത്തിലാണ് അലങ്കിത് അസൈൻമെൻ്റ്‌സ് ലിമിറ്റഡിനെ വിജയിയായി പ്രഖ്യാപിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa