മലയാളി ദമ്പതികളെ കുവൈറ്റിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി ദമ്പതികളെ താമസസ്ഥലത്ത് കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. അബ്ബാസിയയിലെ ഫ്ളാറ്റിൽ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സ് ആയ കണ്ണൂർ സ്വദേശി സൂരജ് (30), പ്രതിരോധ മേഖലയിൽ നഴ്‌സ് ആയ ഭാര്യ എറണാകുളം കീഴില്ലം സ്വദേശി ബിൻസി (32) എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്.
ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെയാണ് താമസ സ്ഥലത്ത് എത്തിയതെന്ന് സുഹൃത്തുക്കൾ അറിയിച്ചു. ഓസ്‌ട്രേലിയയിലേക്ക് ജോലി മാറാനുള്ള തയ്യാറെടുപ്പിലായിരുന്നു സൂരജും ബിൻസിയും.
പ്രാഥമിക വിവരങ്ങൾ അനുസരിച്ച്, ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് പരസ്പരം കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് സൂചന. ഇരുവരുടെയും കൈകളിൽ കത്തികളുണ്ടായിരുന്നു.
ഇരുവരും തമ്മിൽ വഴക്കുണ്ടാക്കുന്നത് അയൽവീട്ടുകാർ കേട്ടതായി പറയപ്പെടുന്നു. രാവിലെ കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരൻ ഫ്ലാറ്റിൽ വന്നുനോക്കിയപ്പോഴാണ് ദമ്പതികളെ രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈകളിൽ കത്തികളുണ്ടായിരുന്നു.
സംഭവസ്ഥലത്ത് ഉടൻ തന്നെ കുവൈറ്റ് പൊലീസും ഫോറൻസിക് വിദഗ്ധരും എത്തി പരിശോധന ആരംഭിച്ചു. മരണകാരണവും മറ്റു വിവരങ്ങളും അന്വേഷിച്ചുവരികയാണ്.
ദമ്പതികളുടെ മക്കൾ നാട്ടിലാണുള്ളത്. ഈ അപ്രതീക്ഷിതമായ ദുരന്തം കുവൈറ്റിലെ മലയാളി സമൂഹത്തെയും നാട്ടിലുള്ള ബന്ധുക്കളെയും ദുഃഖത്തിലാഴ്ത്തി. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി കാത്തിരിക്കുകയാണ്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa