ഗാസയിലേക്ക് സഹായവുമായി പുറപ്പെട്ട കപ്പലിന് നേരെ ബോംബാക്രമണം; കപ്പലിന് തീ പിടിച്ചു: വീഡിയോ കാണാം
ഗാസയിലേക്ക് മാനുഷിക സഹായവുമായി പോവുകയായിരുന്ന ഫ്രീഡം ഫ്ലോട്ടില്ല കോയലിഷന്റെ ‘കൺസയൻസ്’ എന്ന കപ്പലിന് നേരെ ഡ്രോൺ ആക്രമണം.
മാൾട്ടയ്ക്ക് സമീപം അന്താരാഷ്ട്ര ജലാശയത്തിൽ വെച്ച് വ്യാഴാഴ്ച രാത്രി ആയിരുന്നു ആക്രമണം. കപ്പലിന്റെ മുൻഭാഗം രണ്ടുതവണ ഡ്രോൺ ഉപയോഗിച്ച് ആക്രമിച്ചതിനെ തുടർന്ന് കപ്പലിൽ തീപിടുത്തമുണ്ടാവുകയും, പുറംഭാഗത്ത് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തു.
30 അന്താരാഷ്ട്ര മനുഷ്യാവകാശ പ്രവർത്തകരുമായി യാത്ര ചെയ്യുകയായിരുന്ന കപ്പലിന് നേരെയാണ് രണ്ടുതവണ ആക്രമണമുണ്ടായത്. ആക്രമണത്തിന് പിന്നാലെ കപ്പലിൽ നിന്ന് അടിയന്തര സഹായം അഭ്യർത്ഥിച്ച് ഒരു SOS സന്ദേശം അയച്ചിരുന്നു.
ഇസ്രായേലിന്റെ ഗാസയിലെ ഉപരോധത്തെ തുടർന്ന് അവിടെ ജീവിക്കുന്ന ജനങ്ങൾക്ക് അവശ്യവസ്തുക്കൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു കപ്പൽ പുറപ്പെട്ടത്.
ആക്രമണത്തിൽ കപ്പലിന്റെ ജനറേറ്റർ തകക്കുകയായിരുന്നു. ഇത് കപ്പലിന്റെ വൈദ്യുതി വിതരണം പൂർണ്ണമായും തടസ്സപ്പെടുത്തി. 21 രാജ്യങ്ങളിൽ നിന്നുള്ള സന്നദ്ധപ്രവർത്തകർ ഈ ദൗത്യത്തിൽ പങ്കാളികളാണ്.
2010-ൽ ഗാസയിലേക്ക് പോവുകയായിരുന്ന സമാനമായ ഒരു ഫ്ലോട്ടില്ല കപ്പലിനെ ഇസ്രായേൽ സൈന്യം ആക്രമിക്കുകയും 9 പ്രവർത്തകരെ കൊലപ്പെടുത്തുകയും 28 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവം മുൻപും ഉണ്ടായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ, പുതിയ ആക്രമണത്തിന് പിന്നിലും ഇസ്രായേൽ ആണെന്ന ആരോപണങ്ങൾ ശക്തമായി ഉയരുന്നുണ്ട്. എന്നാൽ, ഇസ്രായേലിന്റെ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഈ ആരോപണങ്ങളോട് പ്രതികരിച്ചിട്ടില്ല.
ആക്രമണത്തിന് ശേഷം ദക്ഷിണ സൈപ്രസിൽ നിന്നുള്ള ഒരു കപ്പൽ സഹായത്തിനായി എത്തിയെങ്കിലും, കപ്പലിന് ആവശ്യമായ വൈദ്യുതി പിന്തുണ നൽകാൻ അവർക്ക് സാധിച്ചില്ല.
അന്താരാഷ്ട്ര നാവിക നിയമപ്രകാരം, മാൾട്ടയ്ക്ക് സമീപം അപകടത്തിൽപ്പെട്ട ഈ മാനുഷിക സഹായ കപ്പലിന്റെ സുരക്ഷ ഉറപ്പാക്കേണ്ടത് മാൾട്ട സർക്കാരിന്റെ ഉത്തരവാദിത്തമാണ്.
എന്നാൽ, മാൾട്ടയുടെ പ്രതികരണം വൈകിയെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പിന്നീട് ഒരു ടഗ് ബോട്ട് തീയണയ്ക്കാൻ സഹായിച്ചെങ്കിലും, കപ്പലിന്റെ ഇപ്പോഴത്തെ അവസ്ഥ ഗുരുതരമായി തുടരുകയാണ് എന്നാണ് റിപ്പോർട്ട്. വീഡിയോ കാണാം👇
BREAKING: At 00:23 Maltese time, a #FreedomFlotilla ship was subjected to a drone attack. The front of the vessel was targeted twice, resulting in a fire and a breach in the hull. The ship is currently located in international waters near #Malta. An #SOS distress signal was sent. pic.twitter.com/J6oEQafuOb
— Freedom Flotilla Coalition (@GazaFFlotilla) May 2, 2025
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa