സൗദിയിൽ തൊഴിൽ ഒഴിവുകളും ഇന്റർവ്യൂകളും പരസ്യപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്ക് അംഗീകാരം
റിയാദ്: സൗദിയിൽ സ്വകാര്യ മേഖലയിലെ തൊഴിൽ ഒഴിവുകളും പരിശീലനവും പരസ്യപ്പെടുത്തുന്നതിനുള്ള നിയന്ത്രണങ്ങൾക്കും സ്വകാര്യ മേഖലയിൽ തൊഴിൽ അഭിമുഖങ്ങൾ നടത്തുന്നതിനുള്ള നടപടിക്രമങ്ങൾക്കും മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം അംഗീകാരം നൽകി.
നിയന്ത്രണ പ്രകാരം ലിംഗഭേദം, വൈകല്യം, പ്രായം, വൈവാഹിക നില, അല്ലെങ്കിൽ മറ്റേതെങ്കിലും തരത്തിലുള്ള വിവേചനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനം തൊഴിൽ ഒഴിവ് പ്രഖ്യാപനങ്ങളിലും തൊഴിൽ അഭിമുഖങ്ങളിലും ഉണ്ടാകരുത്.
കൂടാതെ, പരസ്യത്തിൽ തസ്തികയ്ക്ക് ആവശ്യമായ വർഷങ്ങളുടെ പരിചയം, അപേക്ഷിക്കുന്ന രീതി, ജോലിയുടെ സ്വഭാവം, സമയം, ജോലി ആനുകൂല്യങ്ങൾ എന്നിവ വ്യക്തമാക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഉണ്ടായിരിക്കണമെന്നും കൂടാതെ ജോലി അപേക്ഷകൾ ഇലക്ട്രോണിക് ആയി സ്വീകരിക്കണമെന്നും ചട്ടം വ്യവസ്ഥ ചെയ്യുന്നു.
ഓരോ അപേക്ഷകനെയും ഇന്റർവ്യൂ ഏത് രീതിയിലാണെന്നും (നേരിട്ടോ, വിദൂരമായോ, ഫോണിലൂടെയോ), അതിന്റെ തീയതി, സമയം എന്നിവ കുറഞ്ഞത് മൂന്ന് പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും അറിയിക്കണം.
തൊഴിൽ ഇന്റർവ്യു നടത്തുന്നതിനായി ഒരു കമ്മിറ്റിയും രൂപീകരിക്കണം, അതിൽ കുറഞ്ഞത് രണ്ട് സൗദികൾ ഉൾപ്പെടണം. അവരിൽ ഒരാൾ മാനവ വിഭവശേഷി വിദഗ്ദ്ധനായിരിക്കണം. കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണത്തിന്റെ പകുതിയിൽ കവിയാതെ, ആവശ്യമെങ്കിൽ ഇന്റർവ്യുവിന് കമ്മിറ്റിക്ക് സൗദി അല്ലാത്ത വിദഗ്ധരുടെ സഹായം തേടാം.
ജോലി അഭിമുഖത്തിനിടെ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കരുത്. അപേക്ഷകന്റെ മുൻകാല ജോലിയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കുന്നതും വിലക്കുന്നു.
ഇന്റർവ്യു തീയതി മുതൽ പരമാവധി 30 ദിവസത്തിനുള്ളിൽ ഏതെങ്കിലും ഔദ്യോഗിക മാർഗങ്ങളിലൂടെ തൊഴിൽ അഭിമുഖത്തിന്റെ ഫലങ്ങൾ അപേക്ഷകരെ അറിയിക്കണമെന്നും അപേക്ഷകൻ അഭിമുഖത്തിൽ പരാജയപ്പെട്ടാൽ, കാരണങ്ങൾ വിശദീകരിക്കണമെന്നും ചട്ടങ്ങൾ ഊന്നിപ്പറയുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa