Tuesday, May 13, 2025
GCC

സൗദിയിലെ പ്രവാസികൾ ശ്രദ്ധിക്കുക; പിടിക്കപ്പെടില്ലെന്ന ധാരണയിലുള്ള മക്കയിലേക്കുള്ള നുഴഞ്ഞ് കയറ്റ ശ്രമം ഉപേക്ഷിക്കുക

മക്ക: ഹജ്ജ് പെർമിറ്റോ മക്കയിൽ ജോലി ചെയ്യാനുള്ള അനുമതിയോ മറ്റൊ ഇല്ലാതെ മക്കയിലേക്ക് കടക്കാനുള്ള ഏത് ശ്രമവും പ്രവാസികൾ ഉപേക്ഷിക്കണമെന്ന് സാമൂഹിക പ്രവർത്തകർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നു.

കഴിഞ്ഞ ദിവസം ആംബുലൻസിനുള്ളിലാക്കി അനധികൃത നുഴഞ്ഞ് കയറ്റക്കാരെ മക്കയിലേക്ക് കൊണ്ട് പോകാൻ ശ്രമിച്ച ഇന്ത്യക്കാരനെ പിടി കൂടിയ പശ്ചാത്തലത്തിൽ ആണ് സാമൂഹിക പ്രവർത്തകർ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകുന്നത്.

പിടിക്കപ്പെടില്ലെന്ന മോഹന വാഗ്ദാനങ്ങൾ കേട്ടാണ് പലരും ഈ സാഹസത്തിനു മുതിരുന്നത്. എന്നാൽ അതി ശക്തമായ പരിശോധനയാണ് അധികൃതർ നടത്തുന്നത് എന്നോർക്കുക. പിടിക്കപ്പെട്ടാൽ പിന്നീട് സൗദിയിൽ ഒരു തൊഴിൽ ചെയ്യുക എന്ന സ്വപ്നം തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്നും ഓർക്കുക.

അതേ സമയം പെർമിറ്റ് (തസ് രീഹ്) ഇല്ലാതെ ഹജ്ജ് നിർവ്വഹിക്കാൻ ശ്രമിക്കുന്നവർക്ക് 20,000 റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ച് മുന്നറിയിപ്പ് നൽകി. വിദേശികളാണെങ്കിൽ പിഴക്ക് പുറമെ നാട് കടത്തുകയും സൗദിയിലേക്ക് 10 വർഷത്തേക്ക് പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യും.

തീർഥാടകരുടെ സുരക്ഷയും സംരക്ഷണവും നിലനിർത്തുന്നതിനും അതുവഴി അവർക്ക് അവരുടെ കർമ്മങ്ങൾ അനായാസമായും മനസ്സമാധാനത്തോടെയും നിർവഹിക്കാൻ കഴിയുന്നതും ലക്ഷ്യമിട്ടുള്ള ഹജ്ജ് ചട്ടങ്ങളും നിർദ്ദേശങ്ങളും എല്ലാവരും പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്