Thursday, May 22, 2025
Middle EastTop Stories

നയതന്ത്ര പ്രതിനിധികൾക്ക് നേരെ വെടിവെപ്പ്; ഇസ്രായേലിനെതിരെ വ്യാപക പ്രതിഷേധം, ലോകരാജ്യങ്ങൾ അപലപിച്ചു

വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർത്ഥി ക്യാമ്പ് സന്ദർശിക്കാനെത്തിയ നയതന്ത്ര പ്രതിനിധികൾക്ക് നേരെ ഇസ്രായേൽ സൈന്യം വെടിയുതിർത്ത സംഭവത്തിൽ വ്യാപക പ്രതിഷേധം.

യൂറോപ്യൻ യൂണിയൻ, ഇന്ത്യ, ബ്രിട്ടൻ, ഫ്രാൻസ്, കാനഡ, മെക്സിക്കോ, ജർമ്മനി, അയർലൻഡ്, ഇറ്റലി, സ്പെയിൻ, പോർച്ചുഗൽ, ബെൽജിയം, ഡെൻമാർക്ക്, ഫിൻലാൻഡ്, ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, തുർക്കി, ചൈന, റഷ്യ, ജപ്പാൻ, റൊമാനിയ, ശ്രീലങ്ക, ചിലി തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സംഘത്തിൽ ഉൾപ്പെട്ടിരുന്നു.

യുഎൻ ഏജൻസിയായ UNRWA-യിലെ ജീവനക്കാർക്കൊപ്പം, ഗാസയിലെ മാനുഷിക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനായാണ് നയതന്ത്ര സംഘം ജെനിൻ ക്യാമ്പിൽ എത്തിയത്. പലസ്തീൻ അതോറിറ്റിയുടെ ആതിഥേയത്വത്തിൽ നടന്ന ഈ സന്ദർശനത്തിന് ഇസ്രായേൽ അംഗീകാരം നൽകിയിരുന്നതായും റിപ്പോർട്ടുകളുണ്ട്.

സംഭവത്തെ തുടർന്ന് നിരവധി രാജ്യങ്ങൾ ഇസ്രായേലിനെതിരെ രംഗത്ത് വന്നു. നയതന്ത്രജ്ഞരുടെ ജീവന് ഭീഷണിയുയർത്തുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്ന് യൂറോപ്യൻ യൂണിയൻ വിദേശകാര്യ മേധാവി കാജ കല്ലാസ് പ്രസ്താവിച്ചു.

ഇസ്രായേൽ വിയന്ന കൺവെൻഷനിൽ ഒപ്പുവെച്ച രാജ്യമാണെന്നും, അതിനാൽ നയതന്ത്രജ്ഞരുടെ സുരക്ഷ ഉറപ്പാക്കാൻ ബാധ്യസ്ഥരാണെന്നും അവർ ഓർമ്മിപ്പിച്ചു.

ബ്രിട്ടൻ, ഫ്രാൻസ്, കാനഡ എന്നീ രാജ്യങ്ങൾ സംയുക്തമായി ഇസ്രായേലിന്റെ നടപടികളെ അപലപിക്കുകയും, സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ട് ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തുമെന്ന് അറിയിക്കുകയും ചെയ്തു.

ഇസ്രായേലിന്റെ നടപടിയെ ജർമ്മൻ വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിച്ചു. കൂടുതൽ ഗുരുതരമായതൊന്നും സംഭവിച്ചില്ല എന്നത് ഭാഗ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.

തങ്ങളുടെ രണ്ട് നയതന്ത്രജ്ഞർ സംഘത്തിലുണ്ടായിരുന്നതായി അയർലൻഡ് സ്ഥിരീകരിച്ചു. സംഭവം അംഗീകരിക്കാനാവാത്തതും ഞെട്ടിപ്പിക്കുന്നതുമാണെന്ന് അയർലൻഡ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ വിശേഷിപ്പിച്ചു.

ഇറ്റലി, സ്പെയിൻ, ബെൽജിയം, പോർച്ചുഗൽ എന്നീ രാജ്യങ്ങളും ഇസ്രായേലിന്റെ നടപടിയെ അപലപിക്കുകയും, സംഭവത്തിൽ വിശദീകരണം തേടി ഇസ്രായേൽ അംബാസഡർമാരെ വിളിച്ചുവരുത്തുകയും ചെയ്തു.

ഈജിപ്ത്, ജോർദാൻ, സൗദി അറേബ്യ, തുർക്കി എന്നീ രാജ്യങ്ങളും ഈ സംഭവത്തെ ശക്തമായി അപലപിച്ചു. നയതന്ത്രപരമായ എല്ലാ മാനദണ്ഡങ്ങളുടെയും ലംഘനമാണ് ഇസ്രായേൽ നടത്തിയതെന്ന് ഈജിപ്ത് പ്രസ്താവിച്ചു. അന്താരാഷ്ട്ര നിയമങ്ങളെ ഇസ്രായേൽ നിരന്തരമായി അവഗണിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിതെന്ന് തുർക്കി അഭിപ്രായപ്പെട്ടു.

ഇസ്രായേൽ സൈന്യം സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും, അതിന്റെ കണ്ടെത്തലുകൾ ബന്ധപ്പെട്ട രാജ്യങ്ങളെ അറിയിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa