Monday, June 16, 2025
KuwaitTop Stories

കുവൈത്തിന്റെ ആകാശത്ത് ബാലിസ്റ്റിക് മിസൈലുകൾ; ആശങ്ക വേണ്ടെന്ന് സൈന്യം (വീഡിയോ)

കഴിഞ്ഞ കുറച്ച് മണിക്കൂറുകളായി രാജ്യത്തിന്റെ ആകാശത്ത് കണ്ട മിസൈലുകൾ കുവൈറ്റിന്റെ പ്രദേശത്തിന് ഒരു ഭീഷണിയും ഉയർത്തുന്നില്ലെന്ന് കുവൈറ്റ് സൈന്യം ഇന്ന് തിങ്കളാഴ്ച സ്ഥിരീകരിച്ചു.

ഈ മിസൈലുകൾ ഉയർന്ന ആൾട്ടിറ്റിയൂഡിലും കുവൈറ്റിന്റെ വ്യോമാതിർത്തിക്ക് പുറത്തുമായാണ് സഞ്ചരിച്ചതെന്നും സൈന്യം വിശദമാക്കി.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ രാജ്യത്തിന് മുകളിലൂടെ മിസൈലുകൾ പറക്കുന്നതിന്റെ വീഡിയോ ക്ലിപ്പുകൾ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പൗരന്മാർക്കും താമസക്കാർക്കുമിടയിൽ ആശങ്കകൾ ഉയർന്നിരുന്നു.

ഇതിന് പിന്നാലെയാണ് സൈന്യം വിശദീകരണവുമായി രംഗത്തെത്തിയത്. എക്‌സ് പ്ലാറ്റ്‌ഫോമിൽ ജനറൽ സ്റ്റാഫ് ഓഫ് ആർമി പുറത്തിറക്കിയ പ്രസ്താവനയിൽ, പ്രചരിക്കുന്ന മിസൈൽ ദൃശ്യങ്ങൾ യഥാർത്ഥമാണെന്ന് സമ്മതിച്ചു.

എന്നിരുന്നാലും, ബാലിസ്റ്റിക് മിസൈലുകൾ കുവൈറ്റ് വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ചിട്ടില്ലെന്നും രാജ്യത്തിന്റെ ദേശീയ സുരക്ഷയ്‌ക്കോ പ്രദേശത്തിന്റെ അഖണ്ഡതയ്‌ക്കോ ഒരു ഭീഷണിയും സൃഷ്ടിക്കുന്നില്ലെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

നിലവിലെ സ്ഥിതിഗതികൾ പൂർണ്ണമായും നിയന്ത്രണവിധേയമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സൈന്യം പിന്നീട് ഉറപ്പുനൽകി. പൗരന്മാരുടെയും താമസക്കാരുടെയും ആശങ്കകൾ ദൂരീകരിക്കാനും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും സൈന്യം അഭ്യർത്ഥിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa