ചൂട് കൂടുന്നു; വാഹനമോടിക്കുന്നവർക്ക് സുരക്ഷാ നിർദ്ദേശങ്ങളുമായി സൗദി ട്രാഫിക് വകുപ്പ്
സൗദി അറേബ്യയിൽ കടുത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ, വാഹനമോടിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകി സൗദി ട്രാഫിക് വകുപ്പ്.
കടുത്ത ചൂടിൽ ടയറിനുള്ളിലെ മർദ്ദം കുറയുകയോ കൂടുകയോ ചെയ്യുന്നത് ടയറുകൾക്ക് പൊട്ടാനും അപകടങ്ങൾ ഉണ്ടാകാനും കാരണമാകും. അതിനാൽ, ടയർ പ്രഷർ പതിവായി നിരീക്ഷിക്കുക.
എഞ്ചിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും അധികമായി ചൂടാകുന്നത് തടയുന്നതിനും കൂളിംഗ് സിസ്റ്റം കാര്യക്ഷമമാണെന്ന് ഉറപ്പാക്കണം. വാഹനത്തിന്റെ കൂളിംഗ് വാട്ടർ ഇടയ്ക്കിടെ പരിശോധിക്കണമെന്ന് അധികൃതർ ശുപാർശ ചെയ്തു.
വാഹനങ്ങൾ പരമാവധി നേരിട്ട് സൂര്യപ്രകാശം ഏൽക്കാത്ത തണലുള്ള സ്ഥലങ്ങളിൽ പാർക്ക് ചെയ്യുക എന്നതാണ് മറ്റൊരു നിർദ്ദേശം. നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് വാഹനത്തിന്റെ ഉൾഭാഗം അമിതമായി ചൂടാകാൻ കാരണമാകും.
കൂടാതെ, വാഹനം ഓടിച്ച് തുടങ്ങുന്നതിന് മുമ്പ്, ചൂട് പുറത്തുപോയി വായുസഞ്ചാരം ഉറപ്പാക്കുന്നതിനായി ഡോറുകൾ തുറന്നിടാൻ ശ്രദ്ധിക്കണം, ഇത് ഡ്രൈവർമാർക്ക് സുരക്ഷിതവും കൂടുതൽ സുഖകരവുമായ ഡ്രൈവിംഗ് അന്തരീക്ഷം നൽകും.
ഇതിന് പുറമെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ വാഹനത്തിൽ ശൂക്ഷിക്കുന്നതിനെതിരെയും ട്രാഫിക് വകുപ്പ് മുന്നറിയിപ്പ് നൽകി.
പോർട്ടബിൾ ചാർജറുകൾ, ഫോൺ ബാറ്ററികൾ, സിഗരറ്റ് ലൈറ്ററുകൾ, ഗ്യാസ് സിലിണ്ടറുകൾ, പെർഫ്യൂമുകൾ, ഹാൻഡ് സാനിറ്റൈസർ കുപ്പികൾ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്.
രാജ്യത്തെ ഉയർന്ന ചൂട് കാരണം ഉണ്ടാകാനിടയുള്ള അപകടങ്ങളിൽ നിന്ന് റോഡ് സുരക്ഷ വർദ്ധിപ്പിക്കുന്നതിനും ഡ്രൈവർമാരെയും യാത്രക്കാരെയും സംരക്ഷിക്കുന്നതിനുമാണ് ഈ നിർദ്ദേശങ്ങൾ പുറത്തിറക്കിയിരിക്കുന്നതെന്ന് ട്രാഫിക് വകുപ്പ് വ്യക്തമാക്കി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa