Friday, March 6, 2026
Middle EastOmanTop Stories

യുദ്ധഭൂമിയിൽ നിന്ന് മോചനം: ഇറാനിൽ കുടുങ്ങിയ മലയാളി കുടുംബം മസ്കത്തിൽ തിരിച്ചെത്തി

ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഇറാനിൽ കുടുങ്ങിയ മലയാളി കുടുംബം ദിവസങ്ങൾ നീണ്ട ആശങ്കകൾക്കും അനിശ്ചിതത്വങ്ങൾക്കും ശേഷം ഒടുവിൽ സുരക്ഷിതമായി മസ്കത്തിൽ തിരിച്ചെത്തി.

മലപ്പുറം വള്ളിക്കുന്ന്, ചെട്ടിപ്പടി സ്വദേശികളായ മുഹമ്മദ് റഫീഖ്, മുഹമ്മദ് ഷഫീഖ്, നൗറിൻ, സോഫിയ എന്നിവരടങ്ങുന്ന ഈ കുടുംബം ടൂറിസ്റ്റ് വിസയിലാണ് ഇറാനിലെത്തിയത്. വ്യാഴാഴ്ച ഉച്ചയോടെ ഇറാനിൽ നിന്ന് ഇറാഖിലെ ബസ്ര വഴിയാണ് ഇവർ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേർന്നത്.

ഒമാൻ സർക്കാരിന്റെ ഉന്നതതല ഇടപെടലുകൾക്കൊടുവിൽ ഇറാഖ് വിസ ലഭിച്ചതാണ് ഇവർക്ക് സുൽത്താനേറ്റിലേക്ക് മടങ്ങിവരാൻ വഴിയൊരുക്കിയത്.

ഒമാനിലെ സൂറിൽ താമസിക്കുന്ന ഈ കുടുംബം പെരുന്നാൾ അവധി ആഘോഷിക്കാനാണ് ഇറാനിലെത്തിയത്. നാല് ദിവസത്തെ സന്ദർശനത്തിന് ശേഷം മസ്കത്തിലേക്ക് തിരിക്കാനായി ടെഹ്റാനിലേക്ക് പോകാൻ ഒരുങ്ങവെയാണ് ജൂൺ 12-ന് പുലർച്ചെ ഇസ്രായേൽ ആക്രമണം ഉണ്ടാകുന്നതെന്ന് മുഹമ്മദ് റഫീഖ് പറഞ്ഞു.

തങ്ങൾ താമസിച്ചിരുന്ന ഹോട്ടലിന്റെ ലോഞ്ചിൽ നിന്ന് നോക്കുമ്പോൾ പുകച്ചുരുളുകളും തീയും കാണാമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുത്തു. സംഘർഷം രൂക്ഷമായതോടെ, മസ്കത്തിലേക്ക് തിരികെ പോകാൻ ടെഹ്റാനിലേക്ക് ടാക്സിയിൽ പുറപ്പെട്ടെങ്കിലും അവിടെ സ്ഥിതിഗതികൾ പ്രതീക്ഷിച്ചതിലും മോശമായിരുന്നു.

ടെഹ്റാനിൽ നിന്ന് എല്ലാവരെയും ഒഴിപ്പിക്കുന്ന സാഹചര്യമായിരുന്നു അപ്പോൾ. ഇതോടെ ആശങ്ക വർധിക്കുകയും, ഇറാനിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നിരാശയായിരുന്നു ഫലമെന്ന് റഫീഖ് പറയുന്നു.

എന്നാൽ, ഒപ്പമുണ്ടായിരുന്ന ഒമാൻ പൗരന്മാർ ഇവരെ ഒമാൻ എംബസിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. സ്വന്തം പൗരന്മാരല്ലാത്തവരെ സ്വീകരിക്കാൻ ഒമാൻ എംബസിക്ക് സാധിച്ചിരുന്നില്ലെങ്കിലും, ഒപ്പമുണ്ടായിരുന്ന ഒമാനികളുടെ ഇടപെടലിനെത്തുടർന്ന് കുടുംബത്തിന് താൽക്കാലിക താമസ സൗകര്യം ലഭിച്ചു.

വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ താൽക്കാലിക സൗകര്യം ഉപയോഗിക്കാനും അതിനുശേഷം ഇന്ത്യൻ എംബസിയെ സമീപിക്കാനുമായിരുന്നു ഒമാൻ അധികൃതർ നിർദ്ദേശിച്ചത്. ഈ സമയത്തും ഇന്ത്യൻ എംബസിയിൽ നിന്ന് പ്രതീക്ഷിച്ച മറുപടി ലഭിച്ചില്ല.

അവധി ദിവസങ്ങൾ കഴിഞ്ഞതോടെ ഒമാൻ സ്വന്തം പൗരന്മാരെ തിരികെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ ആരംഭിച്ചു. മലയാളി കുടുംബത്തിന്റെ യാത്ര വീണ്ടും അനിശ്ചിതത്വത്തിലായി.

എന്നാൽ, കൂടെയുണ്ടായിരുന്ന ഒമാനി പൗരന്റെ ശക്തമായ ഇടപെടലും മാനുഷിക പരിഗണനയും കണക്കിലെടുത്ത് അധികൃതർ വീണ്ടും ഇവർക്ക് യാത്രാസൗകര്യം ഒരുക്കി. അങ്ങനെ ബന്ദർ അബ്ബാസ് വഴി ഇറാഖിലേക്കുള്ള ബസ്രയിലേക്ക് ഒമാനി പൗരന്മാരുടെ കൂടെ ഇവരെയും കൊണ്ടുപോയി.

ബസ്രയിലെത്തിയപ്പോൾ മറ്റൊരു തടസ്സം നേരിട്ടു. ഈ കുടുംബത്തിന് ഇറാഖ് വിസയുണ്ടായിരുന്നില്ല. ഒപ്പമുണ്ടായിരുന്ന ഒമാനികൾക്കെല്ലാം ഉന്നത ബന്ധങ്ങളിലൂടെ വിസ ലഭിച്ചിരുന്നു. ഇറാഖ് ഉദ്യോഗസ്ഥർ ഇവരോട് ഇറാനിലേക്ക് തന്നെ തിരിച്ചുപോകാനായിരുന്നു നിർദ്ദേശിച്ചത്. ഇവിടെയും ഒപ്പമുണ്ടായിരുന്ന ഒമാനികൾ ഇടപെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

ഈ പ്രതിസന്ധി ഘട്ടത്തിലാണ് ഒരു ഉന്നത ഒമാനി ഉദ്യോഗസ്ഥൻ ദൈവദൂതനെപ്പോലെ ഇവരുടെ രക്ഷക്കെത്തിയത്. അദ്ദേഹത്തിന്റെ ഇടപെടലാണ് ഇവർക്ക് വിസ ലഭിക്കാനും മസ്കത്തിലേക്ക് തിരിക്കാനുള്ള വഴി ഒരുങ്ങാനും കാരണമായതെന്ന് റഫീഖ് പറയുന്നു. അദ്ദേഹം മസ്കത്തിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിച്ചതിനെ തുടർന്നാണ് ഇവർക്ക് അനുകൂലമായ നടപടിയുണ്ടായത്.

കൂടെയുണ്ടായിരുന്ന ഒമാനികൾക്കും, തങ്ങളുടെ കാര്യത്തിൽ ഇടപെട്ട സുൽത്താനേറ്റിലെ ഉദ്യോഗസ്ഥർക്കും അകമഴിഞ്ഞ നന്ദി അറിയിക്കുകയാണെന്ന് മലയാളി കുടുംബം പറഞ്ഞു. ഉച്ചയോടെ തന്നെ ഇവർ മസ്കത്തിൽ നിന്ന് തങ്ങളുടെ താമസസ്ഥലമായ സൂറിലേക്ക് മടങ്ങുകയും ചെയ്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa