Friday, March 6, 2026
Middle EastTop Stories

ഇറാൻ ആണവകേന്ദ്രങ്ങളിൽ അമേരിക്കയുടെ അപ്രതീക്ഷിത ബോംബാക്രമണം

ഇറാനിലെ ആണവ കേന്ദ്രങ്ങളിൽ അമേരിക്കൻ യുദ്ധവിമാനങ്ങൾ ബോംബാക്രമണം നടത്തി. ആക്രമണം നടത്തിയതായി പ്രസിഡന്റ് ട്രംപ് അറിയിച്ചു.

ഇറാനിലെ ഫോർദോ, നടാൻസ്, ഇസ്ഫഹാൻ എന്നീ ആണവ കേന്ദ്രങ്ങളിലീലാണ് അമേരിക്ക ആക്രമണം നടത്തിയത്. ആക്രമണം പൂർത്തിയായെന്നും എല്ലാ വിമാനങ്ങളും ഇപ്പോൾ ഇറാനിയൻ വ്യോമാതിർത്തിക്ക് പുറത്താണെന്നും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

രണ്ടാഴ്ചയ്ക്കുള്ളിൽ ഇറാനെ ആക്രമിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുമെന്ന് ഡൊണാൾഡ് ട്രംപ് നേരത്തെ പ്രസ്താവിച്ചിരുന്നു. എന്നാൽ, ആ പ്രഖ്യാപനം തെറ്റിച്ചുകൊണ്ടാണ് ഇന്ന് പുലർച്ചെ അമേരിക്കയുടെ ഭാഗത്തു നിന്ന് അപ്രതീക്ഷിതമായ ആക്രമണം നടന്നത്.

ആണവ കേന്ദ്രത്തിന്റെ ഒരു ഭാഗം ആക്രമിക്കപ്പെട്ടതായി ഇറാൻ സ്ഥിരീകരിച്ചു. നേരത്തെ, അർദ്ധ ഔദ്യോഗിക വാർത്താ ഏജൻസിയായ തസ്നിം ഫോർദോ ആണവ കേന്ദ്രത്തിലെ യുഎസ് ആക്രമണം സ്ഥിരീകരിച്ചിരുന്നു.

ഇറാനിയൻ പരമോന്നത നേതാവിന്റെ ടെലിഗ്രാം അക്കൗണ്ട്, ഖാംനഈയുടെ ബുധനാഴ്ചത്തെ ടെലിവിഷൻ പ്രസംഗം വീണ്ടും പങ്കുവെച്ചു.

അതിൽ ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ അമേരിക്ക പ്രവേശിക്കുന്നത് അവരുടെ സ്വന്തം നാശത്തിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഇറാൻ നേരിടുന്നതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ അവർക്ക് സംഭവിക്കുമെന്ന് ഖാംനഈ തന്റെ പ്രസംഗത്തിൽ വ്യക്തമാക്കിയിരുന്നു.

ഈ ആക്രമണങ്ങൾ പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷാവസ്ഥയെ കൂടുതൽ ഗുരുതരമാക്കുകയും, അന്താരാഷ്ട്ര തലത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa