വിമാനങ്ങൾ കൂട്ടിയിടിച്ച് കാനഡയിൽ മലയാളി പൈലറ്റടക്കം രണ്ട് പേർ മരിച്ചു
കാനഡയിലെ മാനിടോബയിൽ പരിശീലന പറക്കലിനിടെ രണ്ട് ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം.
തൃപ്പൂണിത്തുറ സ്റ്റാച്യു ന്യൂ റോഡ് കൃഷ്ണ എൻക്ലേവ് 1എയിലെ ശ്രീഹരി സുകേഷ് (23), കാനഡ സ്വദേശിനിയായ സഹപാഠി സാവന്ന മേയ് റോയ്സ് (20) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
പ്രാദേശിക സമയം ചൊവ്വാഴ്ച രാവിലെ 8.45-ഓടെ സ്റ്റൈൻബാക് സൗത്ത് എയർപോർട്ടിന് സമീപമായിരുന്നു അപകടം. സെൻട്രൽ ബാങ്ക് ഉദ്യോഗസ്ഥനായ സുകേഷിന്റെയും യുഎസ്ടി ഗ്ലോബൽ ഉദ്യോഗസ്ഥ ദീപയുടെയും മകനാണ് ശ്രീഹരി. സംയുക്തയാണ് സഹോദരി.
അപകടത്തിൽപ്പെട്ട രണ്ട് സെസ്ന വിമാനങ്ങളിലും പൈലറ്റുമാർ മാത്രമാണുണ്ടായിരുന്നത്. സ്വകാര്യ പൈലറ്റ് ലൈസൻസ് നേടിയിരുന്ന ശ്രീഹരി, കമേഴ്സ്യൽ ലൈസൻസിനായുള്ള പരിശീലനത്തിലായിരുന്നു. സാവന്നയാകട്ടെ, സ്വകാര്യ പൈലറ്റ് ലൈസൻസിനായുള്ള പരിശീലനത്തിലാണ് ഏർപ്പെട്ടിരുന്നത്.
റൺവേയിലേക്കു പറന്നിറങ്ങി ഉടൻതന്നെ വീണ്ടും പറന്നുയരുന്ന ‘ടച്ച് ആൻഡ് ഗോ’ പരിശീലനത്തിനിടെയാണ് ശ്രീഹരിയുടെയും സാവന്നയുടെയും വിമാനങ്ങൾ ആകാശത്ത് കൂട്ടിയിടിച്ചതെന്ന്, ഇരുവരും പഠിച്ചിരുന്ന ഹാർവ്സ് എയർ പൈലറ്റ് ട്രെയ്നിങ് സ്കൂൾ പ്രസിഡന്റ് ആഡം പെന്നർ അറിയിച്ചു.
ആശയവിനിമയ സംവിധാനങ്ങളിലെ പിഴവുമൂലം ഇരു പൈലറ്റുമാർക്കും എതിർദിശയിൽനിന്ന് വന്ന വിമാനം കാണാൻ സാധിക്കാതെ പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.
കൂട്ടിയിടിച്ചതിന് പിന്നാലെ തീപിടിച്ച വിമാനങ്ങൾ, എയർ സ്ട്രിപ്പിൽ നിന്ന് ഏകദേശം 400 മീറ്റർ അകലെ ഒരു പാടത്തേക്ക് തകർന്നുവീഴുകയായിരുന്നു. അപകടത്തെക്കുറിച്ച് കനേഡിയൻ ട്രാൻസ്പോർട്ട് സേഫ്റ്റി ബോർഡ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
