Friday, March 6, 2026
Top StoriesU A E

ഷാർജയിൽ മകളെ കൊലപ്പെടുത്തി ജീവനൊടുക്കിയ മലയാളി യുവതിയുടെ ശബ്ദ സന്ദേശം പുറത്ത്

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചിക മണിയന്റെ (33) മരണത്തിന് പിന്നാലെ, അവരുടെ ജീവിതം തുറന്നുകാട്ടുന്ന ശബ്ദസന്ദേശം പുറത്ത്.

ചൊവ്വാഴ്ച ഉച്ചയോടെയാണ് വിപഞ്ചികയെയും, ഒന്നര വയസ്സുകാരിയായ മകൾ വൈഭവിയെയും ഷാർജയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മകളുടെ കഴുത്തിൽ കയറിട്ട് കെട്ടിയ ശേഷം അതേ കയറിന്റെ മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങിമരിക്കുകയായിരുന്നു.

ദുബായിലെ സ്വകാര്യ കമ്പനിയിൽ എച്ച്ആർ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിപഞ്ചികയും, ദുബായിലെ സ്വകാര്യ കമ്പനിയിൽ ഫെസിലിറ്റീസ് എൻജിനീയറായ ഭർത്താവ് നിതീഷും കുറച്ചുകാലമായി സ്വരച്ചേർച്ചയിലായിരുന്നില്ല, വെവ്വേറെയായിരുന്നു ഇവർ താമസിച്ചിരുന്നത്.

താനും ഭർത്താവ് നിതീഷ് വലിയവീട്ടിലും തമ്മിൽ ഒരു വർഷത്തിലേറെയായി അകൽച്ചയിലായിരുന്നുവെന്നും, ജീവിതത്തിലെ എല്ലാ സമ്മർദങ്ങളും താനാണ് സഹിക്കുന്നതെന്നും യുഎഇയിലുള്ള ഒരു ബന്ധുവിനയച്ച സന്ദേശത്തിൽ വിപഞ്ചിക പറയുന്നു.

വീട്ടുകാര്യങ്ങളും കുഞ്ഞിന്റെ കാര്യങ്ങളും താൻ ഒറ്റയ്ക്കാണ് നോക്കിയിരുന്നതെന്നും, നിതീഷിന് സ്വന്തം കാര്യത്തിൽ മാത്രമേ താൽപര്യമുണ്ടായിരുന്നുള്ളൂവെന്നും വിപഞ്ചിക ശബ്ദസന്ദേശത്തിൽ വ്യക്തമാക്കുന്നു.

ഒരു വർഷത്തിനിടെ നിതീഷ് മകളെ നാലോ അഞ്ചോ തവണ മാത്രമാണ് പുറത്തു കൊണ്ടുപോയതെന്നും, അതും നാട്ടുകാരെ ബോധിപ്പിക്കാൻ മാത്രമായിരുന്നുവെന്നും അവർ ആരോപിക്കുന്നു. എന്നാൽ, നിതീഷ് സഹോദരിയോടും അവരുടെ കുട്ടിയോടുമൊപ്പം സന്തോഷത്തോടെ യാത്രകൾ ചെയ്ത് ജീവിക്കുകയായിരുന്നെന്നും, താനും മകളും ഇവിടെ ഉരുകിയുരുകി കഴിയുകയായിരുന്നുവെന്നും വിപഞ്ചികയുടെ വാക്കുകൾ വ്യക്തമാക്കുന്നു.

നിതീഷിന്റെ വാക്കുകൾ അങ്ങേയറ്റം മോശമായിരുന്നുവെന്നും അവർ പറയുന്നുണ്ട്. പണത്തോട് ഇത്രമാത്രം ആർത്തിയുള്ള ഒരു മനുഷ്യനെ കണ്ടിട്ടില്ലെന്നും, സ്വന്തം ജീവിതം തകർന്നതിൽ വിഷമമുണ്ടെന്നും വിപഞ്ചിക സന്ദേശത്തിൽ പറയുന്നു.

ഭർത്താവും സഹോദരിയും മാതാവും ചേർന്ന് തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും, കുഞ്ഞിന്റെ മുഖം കണ്ടിട്ട് പോലും മാറാത്തയാൾ ഇനി മാറുമെന്ന് പ്രതീക്ഷയില്ലെന്നും അവർ സന്ദേശത്തിൽ കൂട്ടിച്ചേർക്കുന്നുണ്ട്.

വിവാഹമോചനത്തിന് ഒട്ടും താൽപര്യമില്ലാതിരുന്ന വിപഞ്ചിക, അങ്ങനെയുണ്ടായാൽ താൻ ജീവിച്ചിരിക്കില്ലെന്ന് അടുത്തവരോട് പലപ്പോഴും പറഞ്ഞിരുന്നു. ചൊവ്വാഴ്ച രാവിലെ വിവാഹമോചന നോട്ടീസ് ലഭിച്ചതിനെ തുടർന്ന് വിപഞ്ചിക മാതാവ് ഷൈലജയെ വിളിച്ച് സങ്കടം പറഞ്ഞിരുന്നു.

അമ്മയുടെ നിർദേശപ്രകാരം ഒരു അഭിഭാഷകൻ വിപഞ്ചികയെ വിളിച്ച് സമാധാനിപ്പിക്കുകയും രാത്രി കൂടുതൽ സംസാരിക്കാമെന്ന് അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ, ആ സംസാരത്തിന് മുൻപേ വിപഞ്ചികയും മകളും ജീവനൊടുക്കുകയായിരുന്നു.

അന്ന് രാത്രി ഫ്ലാറ്റിലെത്തിയ വീട്ടുവേലക്കാരിക്ക് വാതിൽ തുറക്കാൻ കഴിയാതെ വന്നതിനെ തുടർന്ന് നിതീഷിനെ വിവരം അറിയിക്കുകയും, അയാൾ എത്തി വാതിൽ തുറന്നപ്പോൾ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു.

ഷാർജ അൽ ഖാസിമി ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹങ്ങൾ നാട്ടിലേക്ക് കൊണ്ടുപോകണമെന്നാണ് വിപഞ്ചികയുടെ ബന്ധുക്കളുടെ ആവശ്യം. എന്നാൽ, മകളുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കണമെന്നാണ് നിതീഷ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ തീരുമാനമാകാതെ മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ നീളുകയാണ്. സംഭവത്തിൽ ഷാർജ അൽ ബുഹൈറ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa