സൗദി അറേബ്യയിൽ ഇതാദ്യം; റിയാദ് വിമാനത്താവളത്തിൽ കുട്ടികൾക്കായി പ്രത്യേക ചെക്ക് ഇൻ കൗണ്ടർ ആരംഭിച്ച് ഫ്ലൈനാസ്
യാത്രകൾ കുട്ടികൾക്കും കുടുംബങ്ങൾക്കും കൂടുതൽ ആസ്വാദ്യകരമാക്കുക എന്ന ലക്ഷ്യത്തോടെ, ലോകത്തിലെയും മിഡിൽ ഈസ്റ്റിലെയും മുൻനിര ബഡ്ജറ്റ് എയർലൈനായ ഫ്ലൈനാസ് (flynas) പുതിയ സംരംഭത്തിന് തുടക്കമിട്ടു.
കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി പ്രത്യേക ചെക്ക്-ഇൻ ഏരിയ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഫ്ലൈനാസ് ആരംഭിച്ചു. രാജ്യത്തെ ഒരു വിമാനക്കമ്പനി ഇത്തരമൊരു സൗകര്യം ഒരുക്കുന്നത് ഇതാദ്യമാണ്.
“അവരെ അവരുടെ യാത്രയിലെ നായകന്മാരാക്കുക” എന്ന മുദ്രാവാക്യമുയർത്തിയാണ് ഫ്ലൈനാസ് ഈ വേറിട്ട പ്ലാറ്റ്ഫോം ആഭ്യന്തര ടെർമിനലിൽ ഒരുക്കിയിരിക്കുന്നത്.
ക്യാപ്റ്റൻ ഫർണസിന്റെ ലോഗോകളും നിറങ്ങളും കൊണ്ട് അലങ്കരിച്ച പ്രത്യേക നിരയിലൂടെയാണ് കുട്ടിയാത്രക്കാർക്ക് ചെക്ക്-ഇൻ കൗണ്ടറിലേക്ക് എത്താൻ സാധിക്കുക.
യാത്രാ രേഖകളും ലഗേജുകളും നൽകി കഴിഞ്ഞാൽ, കുട്ടികൾക്കായി പ്രത്യേകം തയ്യാറാക്കിയ ബോർഡിംഗ് പാസുകളും അവർക്ക് ലഭിക്കും. ഇത് കുട്ടികൾക്ക് ആകർഷകവും അവിസ്മരണീയവുമായ യാത്രാനുഭവം നൽകുമെന്ന് ഫ്ലൈനാസ് അധികൃതർ അറിയിച്ചു.
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന യാത്രകൾക്ക് പ്രോത്സാഹനം നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. റിയാദിന് പുറമെ, മറ്റ് വിമാനത്താവളങ്ങളിലെ ലോഞ്ചുകളിലേക്കും ഈ സംരംഭം വ്യാപിപ്പിക്കാൻ ഫ്ലൈനാസ് പദ്ധതിയിടുന്നുണ്ട്.
2007-ൽ പ്രവർത്തനമാരംഭിച്ച ഫ്ലൈനാസ്, ഇതിനോടകം 80 ദശലക്ഷത്തിലധികം യാത്രക്കാരെ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചിട്ടുണ്ട്. നിലവിൽ 30 രാജ്യങ്ങളിലെ 70-ൽ അധികം ആഭ്യന്തര, അന്താരാഷ്ട്ര നഗരങ്ങളിലേക്ക് 139 റൂട്ടുകളിലൂടെ ആഴ്ചയിൽ 2,000-ൽ അധികം സർവീസുകളാണ് ഫ്ലൈനാസ് നടത്തുന്നത്.
സൗദി വിഷൻ 2030-ന്റെ ഭാഗമായി, തങ്ങളുടെ വളർച്ചാ, വിപുലീകരണ പദ്ധതികളിലൂടെ 165 ആഭ്യന്തര, അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് വ്യാപിപ്പിക്കാനും ഫ്ലൈനാസ് ലക്ഷ്യമിടുന്നു.
ഫ്ലൈനാസിന്റെ വെബ്സൈറ്റ്, മൊബൈൽ ആപ്പ്, 24/7 കോൾ സെന്റർ (920001234), അല്ലെങ്കിൽ അംഗീകൃത ട്രാവൽ ഏജൻ്റുമാർ വഴിയും ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
