Friday, March 6, 2026
Middle EastTop Stories

കാന്തപുരത്തിന്റെ ഇടപെടൽ; നിമിഷപ്രിയ കേസുമായി ബന്ധപ്പെട്ട് യെമനിൽ സുപ്രധാന യോഗം

യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി നിർണായക നീക്കങ്ങൾ സജീവമാകുന്നു.

പ്രമുഖ സൂഫി പണ്ഡിതനായ ശൈഖ് ഹബീബ് ഉമറിന്റെ നേതൃത്വത്തിൽ യെമനിൽ ഉന്നതതല യോഗം ചേർന്നു. നിമിഷ പ്രിയയുടെ മോചന വിഷയത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നതാണ് ഈ ചർച്ചകൾ.

ഈ യോഗത്തിൽ യെമൻ ഭരണകൂട പ്രതിനിധികൾ, സുപ്രീം കോടതി ജഡ്ജി, കൊല്ലപ്പെട്ട യെമൻ പൗരൻ തലാലിന്റെ സഹോദരൻ എന്നിവർ പങ്കെടുത്തു.

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ അഭ്യർത്ഥന മാനിച്ചാണ് ശൈഖ് ഹബീബ് ഉമർ ഈ വിഷയത്തിൽ ഇടപെട്ടത്. നിമിഷ പ്രിയയുടെ മോചനത്തിന് സഹായകമായേക്കാവുന്ന പല കാര്യങ്ങളും യോഗത്തിൽ ചർച്ചയായിട്ടുണ്ടെന്നാണ് സൂചന.

അതേസമയം, നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കുന്നതിൽ കൂടുതൽ ഇടപെടലുകൾ നടത്താൻ പരിമിതികളുണ്ടെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു.

കേസിൽ സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ടെങ്കിലും, നിയമപരമായുള്ള തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്ന് കേന്ദ്രം കോടതിയെ അറിയിക്കുകയായിരുന്നു.

സൗദി അറേബ്യയിൽ വധശിക്ഷയിൽ നിന്ന് മോചിതനായ അബ്ദുൾ റഹീമിന്റെ കുടുംബവും നിയമസഹായ സമിതി ട്രസ്റ്റും നിമിഷ പ്രിയയുടെ മോചനത്തിനായി സാമ്പത്തിക സഹായം നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

റഹീമിന്റെ മോചനത്തിനായി സമാഹരിച്ച തുകയിൽ മിച്ചം വന്നത് നിമിഷ പ്രിയക്ക് വേണ്ടി കൈമാറാനാണ് ഇവരുടെ തീരുമാനം. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം നിമിഷ പ്രിയക്ക് മാപ്പ് നൽകാൻ തയ്യാറായാൽ, ആവശ്യമായ തുക കൈമാറാൻ തങ്ങൾ സന്നദ്ധരാണെന്ന് ട്രസ്റ്റ് കൺവീനർ കെ.കെ ആലിക്കുട്ടി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa