Friday, March 6, 2026
Middle EastTop Stories

ചെങ്കടലിൽ ഹൂത്തികൾ മുക്കിയ കപ്പലിൽ നിന്ന് രക്ഷപ്പെടാനായി കടലിൽ ചാടിയ മലയാളിയെ കാണാതായി

ചെങ്കടലിൽ ഹൂതികളുടെ ആക്രമണത്തിൽ മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ ചാടിയ ആലപ്പുഴ കായംകുളം സ്വദേശിയായ സെക്യൂരിറ്റി ഓഫിസറെ കാണാതായതായി സൗദിയിലെ ഇന്ത്യൻ എംബസി കുടുംബത്തെ അറിയിച്ചു.

പത്തിയൂർക്കാല ശ്രീജാലയത്തിൽ അനിൽകുമാർ രവീന്ദ്രനെയാണ് (58) കാണാതായത്. അപകടം നടന്ന് 10 ദിവസത്തിനുശേഷമാണ് കുടുംബത്തിന് വിവരം ലഭിച്ചത്.

അനിൽകുമാറിനായുള്ള തിരച്ചിൽ വിഫലമായെന്ന് എംബസി ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം ഭാര്യ ശ്രീജയെ അറിയിക്കുകയായിരുന്നു.

ഗ്രീക്ക് ചരക്കുകപ്പലായ ‘ഇറ്റേണിറ്റി സി’ക്ക് നേരെ യെമനിലെ ഹൊദൈദ തുറമുഖത്തിന് സമീപം ഈ മാസം 7-നാണ് ആക്രമണമുണ്ടായത്. 21 പേരാണ് കപ്പലിൽ ഉണ്ടായിരുന്നത്.

ഇതിൽ അനിൽകുമാറും തിരുവനന്തപുരം പാറശാല സ്വദേശി അഗസ്റ്റിനും ഉൾപ്പെടെ രണ്ട് ഇന്ത്യക്കാരായിരുന്നു ഉണ്ടായിരുന്നത്.

ആക്രമണസമയത്ത് റഷ്യക്കാരനായ ക്യാപ്റ്റനും അനിൽകുമാറും അഗസ്റ്റിനും ലൈഫ് ജാക്കറ്റ് ധരിച്ച് കടലിലേക്ക് ചാടുകയായിരുന്നു. ഇവരിൽ ക്യാപ്റ്റനെയും അഗസ്റ്റിനെയും പിന്നീട് രക്ഷപ്പെടുത്തി.

അതേസമയം, കപ്പലിലുണ്ടായിരുന്ന 9 പേരെ ഹൂതികൾ തട്ടിക്കൊണ്ടുപോയതായി വിവരങ്ങളുണ്ട്. ഈ തട്ടിക്കൊണ്ടുപോകപ്പെട്ടവരിൽ അനിൽകുമാർ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

രക്ഷപ്പെട്ട പാറശാല സ്വദേശിയായ അഗസ്റ്റിൻ കഴിഞ്ഞ ദിവസം നാട്ടിലെത്തിയിരുന്നു. അനിൽകുമാറിന്റെ ബന്ധുക്കൾ ഇന്ന് അഗസ്റ്റിനെ കണ്ട് കൂടുതൽ വിവരങ്ങൾ അറിയാനായി പാറശാലയിലേക്ക് യാത്ര തിരിക്കും.

മുൻ സൈനികനായ അനിൽകുമാർ കഴിഞ്ഞ അഞ്ച് വർഷമായി മർച്ചന്റ് നേവിയിൽ സെക്യൂരിറ്റി ഓഫിസറായി ജോലി ചെയ്തുവരികയാണ്.

അനിൽകുമാറിനെ കണ്ടെത്താൻ അടിയന്തര നടപടി ആവശ്യപ്പെട്ട് കെ.സി. വേണുഗോപാൽ എംപി വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്ത് നൽകിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa