ഗാസയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കാൻ സൗദിയുടെ ഇടപെടൽ; ലോകരാജ്യങ്ങളുമായി വിദേശകാര്യ മന്ത്രി ചർച്ച നടത്തി
ഗാസയിലെ നിലവിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യുന്നതിനായി സൗദി അറേബ്യൻ വിദേശകാര്യ മന്ത്രി, അമീർ ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുല്ല, യൂറോപ്യൻ യൂണിയൻ, ഫ്രാൻസ്, ഈജിപ്ത്, ജർമ്മനി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി ഫോണിൽ സംസാരിച്ചു.
ഗാസയിലെ ഇസ്രായേൽ ആക്രമണങ്ങളും ഉപരോധങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഈ ചർച്ചകളിൽ ഊന്നിപ്പറഞ്ഞു.
യൂറോപ്യൻ യൂണിയന്റെ വിദേശകാര്യ, സുരക്ഷാ നയങ്ങൾക്കായുള്ള ഹൈ റെപ്രസെന്റേറ്റീവും യൂറോപ്യൻ കമ്മീഷന്റെ വൈസ് പ്രസിഡന്റുമായ കായ കല്ലാസുമായിട്ടാണ് സൗദി വിദേശകാര്യ മന്ത്രി സംസാരിച്ചത്.
ഗാസയിലെ ഇസ്രായേലിന്റെ നരനായാട്ടുകളും ഉപരോധങ്ങളും അവസാനിപ്പിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചർച്ച ചെയ്തു.
ഫ്രഞ്ച് വിദേശകാര്യ മന്ത്രി ജീൻ-നോയൽ ബാറുവുമായി ഫോണിൽ സംസാരിച്ച അമീർ ഫൈസൽ, ഗാസയിലെ സുരക്ഷാപരവും മാനുഷികവുമായ പ്രത്യാഘാതങ്ങൾ ചർച്ച ചെയ്തു. മേഖലയിലെയും അന്താരാഷ്ട്ര വിഷയങ്ങളിലെയും സംയുക്ത ഏകോപനത്തിന്റെ ഭാഗമായിട്ടായിരുന്നു ഈ ചർച്ച.
ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി ഡോ. ബദർ അബ്ദുൽ അത്തിയുമായി നടത്തിയ സംഭാഷണത്തിൽ, ഗാസയിലെ സാഹചര്യങ്ങൾ ഇരുവരും ചർച്ച ചെയ്തു.
ഇസ്രായേലിന്റെ ആക്രമണങ്ങളും ക്രൂരമായ നടപടികളും അവസാനിപ്പിക്കേണ്ടതിന്റെ ആവശ്യകതയും, അതുവഴി ഗാസയിലെ ജനങ്ങൾ അനുഭവിക്കുന്ന കടുത്ത മാനുഷിക ദുരന്തത്തിന് അറുതി വരുത്തേണ്ടതിന്റെ പ്രാധാന്യവും അവർ ഊന്നിപ്പറഞ്ഞു.
ജർമ്മൻ വിദേശകാര്യ മന്ത്രി യോഹാൻ വാഡെഫുളുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഗാസയിലെ യുദ്ധം അവസാനിപ്പിക്കാനും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കാനും അന്താരാഷ്ട്ര സമൂഹം കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്ന് അമീർ ഫൈസൽ ബിൻ ഫർഹാൻ ഊന്നിപ്പറഞ്ഞു.
ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അന്താരാഷ്ട്ര തലത്തിൽ കൂടുതൽ സമ്മർദ്ദം ചെലുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണ് സൗദി വിദേശകാര്യ മന്ത്രിയുടെ ഈ നീക്കങ്ങൾ
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
