Friday, March 6, 2026
Middle EastTop Stories

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണയുമായി വീണ്ടും അമേരിക്ക

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്ക് പൂർണ്ണ പിന്തുണയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും രംഗത്ത്.

“ഹമാസിനെ നേരിട്ട് നശിപ്പിക്കുമ്പോൾ മാത്രമേ അവശേഷിക്കുന്ന ബന്ദികളെ തിരികെ ലഭിക്കൂ. ഇത് എത്രയും വേഗം നടപ്പാക്കുന്നുവോ അത്രയും വേഗം വിജയം കൈവരിക്കാൻ സാധിക്കും,” ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു.

ഗസ്സയിൽ ഇസ്രായേൽ ഏർപ്പെടുത്തിയ പട്ടിണി, ബോംബാക്രമണങ്ങൾ, കുടിയൊഴിപ്പിക്കലുകൾ എന്നിവ അവസാനിപ്പിക്കാനുള്ള ലോകരാജ്യങ്ങളുടെ അഭ്യർത്ഥനകൾക്കിടയിലാണ് യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെടുന്നതിന് പകരം, ഇസ്രായേൽ സൈനിക നടപടികൾക്ക് ട്രംപ് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗസ്സയിലെ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാനുള്ള ഒരു കരാറിനായി ഇസ്രായേലിൽ നടക്കുന്ന പ്രതിഷേധങ്ങൾക്കിടയിലാണ് ട്രംപിന്റെ ഈ പ്രസ്താവന വന്നതെന്നതും ശ്രദ്ധേയമാണ്.

ജൂണിൽ ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കെതിരെ നടന്ന ആക്രമണങ്ങൾ ഉൾപ്പെടെ തന്റെ വിദേശനയ നേട്ടങ്ങളെയും യു.എസ്. പ്രസിഡന്റ് പ്രശംസിച്ചു. “വിജയിക്കാൻ വേണ്ടി കളിക്കുക, അല്ലെങ്കിൽ കളിക്കാതിരിക്കുക,” ട്രംപ് കൂട്ടിച്ചേർത്തു.

ഗസ്സൻ ജനത കടുത്ത ദുരിതങ്ങൾ അനുഭവിക്കുമ്പോഴും ഇസ്രായേലിന്റെ സൈനിക നടപടികൾക്ക് ഡൊണാൾഡ് ട്രംപ് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുന്നത് അന്താരാഷ്ട്ര സമൂഹത്തിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa