Friday, March 6, 2026
Saudi ArabiaTop Stories

ഇസ്രായേൽ നടത്തുന്നത് ആസൂത്രിത കൊലപാതകങ്ങളും പട്ടിണിക്കിടലും; ശക്തമായ നിലപാടുമായി സൗദി അറേബ്യ

ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് കേവലം ഒറ്റപ്പെട്ട ലംഘനങ്ങളല്ല, മറിച്ച് ഏകപക്ഷീയമായ കൊലപാതകങ്ങൾ, ഉപരോധം, ബോധപൂർവമായ പട്ടിണിക്കിടൽ, നിർബന്ധിത പലായനം തുടങ്ങിയ ആസൂത്രിത ആക്രമണങ്ങളാണെന്ന് സൗദി അറേബ്യ വ്യക്തമാക്കി.

അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും പരസ്യമായി ലംഘിക്കുന്ന നടപടികളാണ് ഇസ്രായേലിന്റേതെന്ന് സൗദി ആരോപിച്ചു.

ദോഹയിലെ ഇസ്രായേൽ ആക്രമണത്തെക്കുറിച്ചുള്ള അടിയന്തര ചർച്ചകൾക്കായി ചേർന്ന മനുഷ്യാവകാശ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ സൗദി അറേബ്യയുടെ സ്ഥിരം പ്രതിനിധി അംബാസഡർ അബ്ദുൽ മുഹ്‌സിൻ ബിൻ ഖുഥൈലയാണ് ഈ പ്രസ്താവന നടത്തിയത്.

സഹോദര രാഷ്ട്രമായ ഖത്തറിനെതിരായ ഇസ്രായേലിന്റെ ആക്രമണത്തെ ഏറ്റവും ശക്തമായ വാക്കുകളിൽ അദ്ദേഹം അപലപിച്ചു. ഇസ്രായേൽ പതിവായി ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ നീണ്ട പട്ടികയിലെ ഏറ്റവും പുതിയ അധ്യായമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ അതിക്രമത്തിനെതിരെ ഖത്തർ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും സൗദി അറേബ്യയുടെ ഉറച്ച പിന്തുണയുണ്ടെന്നും പ്രസ്താവനയിൽ ഊന്നിപ്പറഞ്ഞു.

ഈ ആക്രമണം ഒരു രാജ്യത്തിന് നേരെയുള്ള അതിക്രമം മാത്രമല്ലെന്നും, മറിച്ച് മേഖലയുടെ മുഴുവൻ സുരക്ഷയെയും ദുർബലപ്പെടുത്തുന്ന നടപടിയാണെന്നും പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

ഗസ്സയിൽ വെടിനിർത്തൽ നടപ്പാക്കാനും ബന്ദികളെ മോചിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനും ലക്ഷ്യമിട്ടുള്ള നയതന്ത്ര ശ്രമങ്ങളെ ഇത് അട്ടിമറിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐക്യരാഷ്ട്രസഭയുടെ ചാർട്ടർ, രാജ്യങ്ങളുടെ പരമാധികാരം, അന്താരാഷ്ട്ര മാനുഷിക നിയമങ്ങൾ, അന്താരാഷ്ട്ര മനുഷ്യാവകാശ നിയമം എന്നിവയെ മാനിക്കുക എന്നത് ഒരു ഓപ്ഷനല്ല, മറിച്ച് അത്യാവശ്യമായ ഒരു പ്രതിബദ്ധതയാണെന്നും സൗദി ആവർത്തിച്ചു.

മനുഷ്യന്റെ അന്തസ്സും അവകാശങ്ങളും സംരക്ഷിക്കുക എന്നത് ഒരു തത്വവും മുൻഗണനയുമാണ്. അതുകൊണ്ടുതന്നെ, ഇരട്ടത്താപ്പുകളും പക്ഷപാതവും ഒഴിവാക്കി, ഈ അതിക്രമങ്ങൾ തടയുന്നതിനും കുറ്റവാളികളെ ചോദ്യം ചെയ്യുന്നതിനും അന്താരാഷ്ട്ര സമൂഹം മുന്നോട്ട് വരണമെന്നും സൗദി അംബാസഡർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa