ട്രംപിന്റെ 20 ഇന സമാധാന പദ്ധതി ചർച്ച ചെയ്ത് ഹമാസ്; നിലപാട് ഉടൻ പ്രഖ്യാപിക്കും
ഗാസയിലെ രണ്ടു വർഷത്തോളമായി നീളുന്ന യുദ്ധം അവസാനിപ്പിക്കാനായി യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശത്തോട് ഹമാസ് ഉടൻ പ്രതികരിക്കുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ട്രംപിന്റെ പദ്ധതി ചർച്ച ചെയ്യുകയാണെന്നും ഉടൻ നിലപാട് പ്രഖ്യാപിക്കുമെന്നും ഹമാസ് രാഷ്ട്രീയ ബ്യൂറോ അംഗം മുഹമ്മദ് നസാൽ വ്യക്തമാക്കി.
പലസ്തീൻ ജനതയുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന രീതിയിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാൻ പ്രതിരോധത്തിന്റെ പ്രതിനിധികൾ എന്ന നിലയിൽ ഹമാസിന് അവകാശമുണ്ടെന്ന് മുഹമ്മദ് നസാൽ പറഞ്ഞു.
ട്രംപ് പദ്ധതിക്ക് മറുപടി നൽകാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ടെങ്കിലും, “സമയം കഴുത്തിൽ വെച്ച വാളാണ് എന്ന ചിന്തയോടെയല്ല ഞങ്ങൾ ഈ പദ്ധതിയെ സമീപിക്കുന്നത്,” നസാൽ കൂട്ടിച്ചേർത്തു.
യുദ്ധം അവസാനിപ്പിക്കുക, ബന്ദികളെ മോചിപ്പിക്കുക, ഗാസയുടെ ഭരണം എന്നിവ സംബന്ധിച്ച 20 ഇന പദ്ധതിവൈറ്റ് ഹൗസ് ഈ ആഴ്ച ആദ്യം പുറത്തിറക്കിയിരുന്നു.
ഹമാസിന്റെ പക്കലുള്ള ബന്ദികളെയും ഇസ്രായേലിന്റെ പക്കലുള്ള പലസ്തീൻ രാഷ്ട്രീയ തടവുകാരെയും കൈമാറ്റം ചെയ്യുക ഗസ്സയിൽ നിന്ന് ഇസ്രായേൽ ഘട്ടം ഘട്ടമായി പിന്മാറുക, ഹമാസ് നിരായുധീകരണം, ഒരു അന്താരാഷ്ട്ര സമിതിയുടെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ രൂപീകരിക്കുക, എന്നിവയാണ് പദ്ധതിയിലെ പ്രധാന ആവശ്യങ്ങൾ
ഈ പദ്ധതി അംഗീകരിക്കുന്നതിന് ട്രംപ് ഹമാസിന് മൂന്ന് മുതൽ നാല് ദിവസം വരെയാണ് സമയം അനുവദിച്ചത്.
പലസ്തീൻ ജനത യുദ്ധം അവസാനിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും, ട്രംപിന്റെ പദ്ധതി ഇസ്രായേലിന് അമിതമായി അനുകൂലമാണെന്ന് പലരും വിശ്വസിക്കുന്നു.
നേരത്തെയുള്ള ചർച്ചകളിൽ, പട്ടിണിയിലായ ഗാസയിൽ നിന്ന് ഇസ്രായേൽ പൂർണ്ണമായി പിന്മാറണമെന്നും, പലായനം ചെയ്ത കുടുംബങ്ങൾക്ക് തങ്ങളുടെ വീടുകളിലേക്ക്, പ്രത്യേകിച്ച് വടക്കൻ ഗാസയിലേക്ക്, മടങ്ങാൻ സ്ഥിരമായ വെടിനിർത്തലും ഉറപ്പും നൽകണമെന്നും ഹമാസ് നിർബന്ധം പിടിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
