Friday, March 6, 2026
Saudi ArabiaTop Stories

നടപടി കടുപ്പിച്ച് സൗദി അറേബ്യ; സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് അനധികൃത ടാക്സി സർവീസ് നടത്തിയ 789 പേർ കൂടി പിടിയിൽ

സൗദി അറേബ്യയിൽ അനുമതിയില്ലാതെ സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റുന്ന പ്രൈവറ്റ് ടാക്സി സർവീസ് നിയമലംഘനങ്ങൾ നടത്തിയ 789 പേരെ ജനറൽ ട്രാൻസ്‌പോർട്ട് അതോറിറ്റി (TGA) പിടികൂടി.

2025 ഒക്ടോബർ 11 മുതൽ 17 വരെയുള്ള ഒരാഴ്ചക്കാലയളവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ തുടർച്ചയായ പരിശോധനകളിലാണ് ഇത്രയും പേർക്കെതിരെ നടപടിയെടുത്തത്.

പിടിയിലായവരിൽ 506 പേർ, യാത്രക്കാരെ കയറ്റുന്നതിന് മുമ്പുള്ള തയ്യാറെടുപ്പ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനാണ് (അൽ-മുനാഹിദ) പിഴ ചുമത്തിയത്. ഇതിനുള്ള സാമ്പത്തിക പിഴ 11,000 റിയാൽ വരെയാണ്. നിയമലംഘനം ആവർത്തിച്ചാൽ വാഹനം 25 ദിവസം വരെ കസ്റ്റഡിയിലെടുക്കും.

കൂടാതെ, സ്വകാര്യ വാഹനങ്ങളിൽ യാത്രക്കാരെ കയറ്റിയതിന് 283 പേരെ പിടികൂടി. ഈ നിയമലംഘനത്തിന് 20,000 റിയാൽ വരെയാണ് പിഴ. കുറ്റം ആവർത്തിച്ചാൽ വാഹനം 60 ദിവസം വരെ കസ്റ്റഡിയിലെടുക്കുമെന്നും വിദേശികളെ നാടുകടത്തുമെന്നും അതോറിറ്റി അറിയിച്ചു.

റോഡുകളിലെ കര ഗതാഗതവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പുതിയ നിയമം അനുസരിച്ച്, ലൈസൻസില്ലാതെ ഏതൊരുവിധ കര ഗതാഗത പ്രവർത്തനങ്ങളും നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.

യാത്രക്കാർ കാത്തുനിൽക്കുന്ന സ്ഥലങ്ങളിൽ വാഹനങ്ങളുമായി എത്തി സർവീസ് വാഗ്ദാനം ചെയ്യുന്നതും യാത്രക്കാരെ കൂട്ടുന്നതും ഈ നിരോധനത്തിൽ ഉൾപ്പെടും.

നൽകുന്ന സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുക, നിയമപരമായ കാരിയറുകളുമായി ഇടപാടുകൾ നടത്താൻ പൊതുജനങ്ങളെ പ്രോത്സാഹിപ്പിക്കുക, നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക എന്നിവ ലക്ഷ്യമിട്ടാണ് ഈ പരിശോധനാ കാമ്പയിനുകൾ തുടരുന്നതെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa