വ്യാപക പരിശോധന; സൗദിയിൽ അനധികൃത ടാക്സി സർവീസ് നടത്തിയ നിരവധി പേർ പിടിയിൽ
സൗദിയിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ചും, ആവശ്യമായ അനുമതിയില്ലാതെയും അനധികൃത ടാക്സി സർവീസ് നടത്തുന്നത് പിടികൂടാനായി, ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി പരിശോധന ശക്തമാക്കി.
പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചക്കിടെ 741 നിയമലംഘകർ പിടിയിലായി. ഒക്ടോബർ 18 ശനിയാഴ്ച മുതൽ 24 വെള്ളിയാഴ്ച വരെയുള്ള കാലയളവിലാണ് ഇത്രയും പേർ പിടിയിലായത്.
അനധികൃത സർവീസുകൾ നടത്തുന്ന വാഹനങ്ങൾ കണ്ടുകെട്ടുക, സാമ്പത്തിക പിഴ ചുമത്തുക എന്നിവ ഉൾപ്പെടെയുള്ള നിയമപരമായ നടപടികളാണ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ സ്വീകരിച്ചത്.
നിയമലംഘകരിൽ 534 പേർ സ്വന്തം കാറുകൾ ഉപയോഗിച്ച് ലൈസൻസില്ലാതെ യാത്രക്കാരെ വിളിച്ചുകൂട്ടിയതിനാണ് പിടിയിലായത്. കൂടാതെ, നിയമവിരുദ്ധമായി യാത്രക്കാരെ കൊണ്ടുപോവുകയും പണം ഈടാക്കുകയും ചെയ്തതിന് 207 പേർ അറസ്റ്റിലായി.
അനധികൃത പ്രവർത്തനങ്ങൾ കുറയ്ക്കുന്നതിലൂടെ സേവനത്തിൻ്റെ ഗുണനിലവാരവും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കാനാണ് ഈ പരിശോധനകളിലൂടെ ലക്ഷ്യമിടുന്നതെന്നും, ഇത് ദേശീയ ഗതാഗത, ലോജിസ്റ്റിക്സ് സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിന് സഹായിക്കുമെന്നും അതോറിറ്റി വ്യക്തമാക്കി.
പുതിയ റോഡ് ട്രാൻസ്‌പോർട്ട് നിയമം അനുസരിച്ച്, ട്രാൻസ്‌പോർട്ട് പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണ്. നിയമലംഘകർക്ക് കടുത്ത ശിക്ഷകളാണ് വ്യവസ്ഥ ചെയ്യുന്നത്. 11,000 റിയാൽ മുതൽ 20,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസം മുതൽ 60 ദിവസം വരെ വാഹനം കണ്ടുകെട്ടലുമാണ് നിയമം ലങ്കിക്കുന്നവർക്കുള്ള ശിക്ഷ.
നിയമലംഘനം ആവർത്തിച്ചാൽ വിദേശികളെ രാജ്യത്ത് നിന്ന് പുറത്താക്കുകയും കണ്ടുകെട്ടിയ വാഹനങ്ങൾ ലേലത്തിൽ വിൽക്കുകയും ചെയ്യാം എന്നും നിയമം വ്യവസ്ഥ ചെയ്യുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
